തിരുവനന്തപുരം:അധികാരത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ചെറുപാര്‍ട്ടികള്‍ കേരളത്തിലുണ്ട്. ആ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട പാര്‍ട്ടിയാണോ ഒട്ടേറെ വിപ്ലവനായകരെ സംഭാവന ചെയ്ത ആര്‍എസ്പി എന്നു സംശയം ഉയരുന്നു. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്ന് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ആര്‍എസ്പിക്കുള്ളില്‍ അമര്‍ന്നുകത്തിയിരുന്ന കലഹം പുറത്തേക്ക് വരുന്നത് അധികാരമില്ലെങ്കില്‍ നിലനില്‍പ്പ് ഇല്ലെന്ന് കരുതുന്ന ഒരു വിഭാഗം നേതാക്കള്‍ മൂലമാണെന്ന് വ്യക്തം.നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ പരാജയത്തെ തുടര്‍ന്ന്് ഇത് കൂടുതല്‍ രൂക്ഷമാകുകയാണ്. മുന്നണിമാറ്റം തടയാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടായിരുന്നെന്നും തടയാന്‍ കഴിഞ്ഞില്ലെന്നുമുളള ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്റെ കുമ്പസാരവും പരസ്യവിമര്‍ശനവും ഇതിന്റെ പ്രകടമായ തെളിവുകളാണ്. പാര്‍ട്ടി ജില്ലാ നേതൃയോഗത്തിലാണ് ചന്ദ്രചൂഡന്‍ ഇത് പറഞ്ഞതെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം എന്നതാണ് ശ്രദ്ധേയം. സംസ്ഥാന നേതൃത്വത്തിന് എതിരെ അണികളില്‍ ചിലര്‍ക്കുളള അസംതൃപ്തി കൂടുതല്‍ പ്രകടമാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ജനറല്‍ സെക്രട്ടറിയുടെ തന്നെ പരസ്യവിമര്‍ശനം.

ആര്‍എസ്പിക്ക് തെരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫ് വിട്ടുപോന്ന ആര്‍എസ്പിയുടെ മുന്നണിമാറ്റത്തെ തടയാനായില്ല. അതില്‍ ദുഃഖമുണ്ട്. ഇത്ര തിടുക്കത്തില്‍ ഇടതുമുന്നണി വിട്ടുപോരേണ്ടിയിരുന്നില്ല. തെറ്റുകള്‍ തിരുത്തേണ്ടതാണ്. ഈ മുന്നണിയില്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ അത്ര എളുപ്പത്തില്‍ യുഡിഎഫ് വിട്ടുപോകില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ പക്വമതിയെ പോലെയാണ് പിണറായി വിജയന്റെ പെരുമാറ്റം. അദ്ദേഹത്തിന്റെ കീഴില്‍ ഭേദപ്പെട്ട ഭരണമാണ് ഇടതുപക്ഷം കാഴ്ചവെക്കുന്നത്. കോണ്‍ഗ്രസിനകത്ത് പ്രതിപക്ഷ നേതാവിനെ പോലെയാണ് സുധീരന്റെ ഇടപെടലുകള്‍. ആദര്‍ശ ശുദ്ധി നല്ലതാണ്. പക്ഷേ ആവശ്യത്തിലും അനവസരത്തിലുമുളള ആദര്‍ശശുദ്ധിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.

ചന്ദ്രചൂഡന്റെ പ്രസംഗത്തിന് അതേ വേദിയില്‍ തന്നെയാണ് സംസ്ഥാന സെക്രട്ടറി അസീസ് മറുപടി നല്‍കിയത്.പാര്‍ട്ടിക്കുള്ളില്‍ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായം ഇപ്പോഴും നിലവിലുണ്ടെന്നത് അംഗീകരിക്കാതെ ദേശീയ നേതാവിനെ തിരുത്തുകയും ചെയ്തു. ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോകാനുളള തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണ്. അത് തെറ്റാണെന്ന് പറയാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പാഠം പഠിച്ചിട്ടില്ല. കൂടാതെ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണവും തിരിച്ചടിയായി. നിരവധി ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ നേരത്തെ ആര്‍എസ്പിക്ക് ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ പ്രാദേശിക തലത്തില്‍ ആര്‍എസ്പി നിര്‍ജീവമാണ്. പാര്‍ട്ടി തളരുകയും നശിക്കുകയും ഇല്ല. ആര്‍എസ്പി ഉയര്‍ത്തെഴുന്നേല്‍ക്കും. മുന്നണി വിടാനുളള തീരുമാനം കൂട്ടായി എടുത്തതാണെന്ന് പറഞ്ഞ അസീസ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വിലക്കയറ്റം വര്‍ധിച്ച കാര്യവും കശുവണ്ടി ഫാക്ടറികള്‍ തുറന്നിട്ടില്ലെന്നതും എടുത്ത് പറയുകയും ചെയ്തു.ഇടത് ഭരണത്തോടുളള പാര്‍ട്ടിയുടെ നിലപാട് ഇതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അസീസിന്റെ ഈ പ്രഖ്യാപനം. എ.എ അസീസിന്റെയും എന്‍.കെ പ്രേമചന്ദ്രന്റെയും പ്രത്യേക താത്പര്യത്താലായിരുന്നു ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ പോകാനുളള ആര്‍എസ്പിയുടെ തീരുമാനം.

കൊല്ലത്ത് എം.എ ബേബിയെ തോല്‍പ്പിച്ചതിലൂടെ ഈ തീരുമാനം ശരിയായിരുന്നുവെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭരണത്തിന് കീഴില്‍ വിവിധ കോര്‍പ്പറേഷനുകള്‍ അംഗത്വം ലഭിക്കുന്ന കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെ പഴിച്ച് നേതൃത്വം രംഗത്ത് വന്നിരുന്നെങ്കിലും അതൊരു മുന്നണി മാറ്റത്തിലേക്കുളള സൂചനയായില്ല. എന്നാല്‍ യുഡിഎഫ് ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് എംഎല്‍എയായി. യുഡിഎഫിനൊപ്പം നിന്ന ആര്‍എസ്പിക്ക് നേരത്തെ രണ്ടുമുന്നണിയിലായപ്പോള്‍ ലഭിച്ച എല്ലാ സീറ്റുകളും നഷ്ടപ്പെടുകയും ചെയ്തു. പാര്‍ലമെന്റിലെ ഒരംഗം എന്നത് മാത്രമാണ് ആര്‍എസ്പിക്ക് ഇപ്പോളുളള ഏക പദവി.
യുഡിഎഫിലേക്ക് പോകാനുളള സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തോട് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് ബംഗാള്‍ ഘടകത്തിനും നേരത്തെ തന്നെ വിയോജിപ്പായിരുന്നു. അസീസും പ്രമേചന്ദ്രനും അടങ്ങുന്ന പുതിയ നേതൃത്വത്തിന് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും പ്രതികരിക്കാനുളള ബലം പാര്‍ട്ടി അണികള്‍ക്കും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തോല്‍വിയില്‍ ദുര്‍ബലരായ നേതൃത്വത്തെ വിമര്‍ശിക്കാനുളള വഴിയാണ് ചന്ദ്രചൂഡന്‍ തുറന്ന് കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here