ന്യൂഡല്‍ഹി: എല്ലാ ചീട്ടുകളും ഇറക്കിത്തീര്‍ത്ത് കളിയില്‍ പരാജയം ഉറപ്പാകുന്ന ഘട്ടത്തിലാണ് തുറുപ്പ് ചീട്ട് പുറത്തിറക്കുന്നത്. അത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസും ഒടുവില്‍ തുറുപ്പുചീട്ട് പുറത്തിറക്കുകയാണ്. ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കുക എന്നതുമാത്രമാണ് നാല് പതിറ്റാണ്ടോളം രാജ്യംഭരിച്ച കോണ്‍ഗ്രസിനു മുന്നിലുള്ള ഏകപോംവഴി. അതിനു പ്രധാനതടസമാകട്ടെ ബിജെപിയും അതിന്റെ നേതാവ് മോദിയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച പ്രശാന്ത് കിഷോര്‍ എന്ന പിആര്‍ഒ വിദഗ്ധനാണ് ഇപ്പോള്‍ മോദിയെ നേരിടാന്‍ പ്രീയങ്ക എന്ന തുറുപ്പുചീട്ടിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്. പാര്‍ട്ടി ആരെ മുന്നില്‍ നിര്‍ത്തണമെന്നു തീരുമാനിക്കാന്‍ പാര്‍ട്ടിക്കാരനല്ലാത്ത ഇദ്ദേഹം ആര് എന്ന ചോദ്യം ചില കോണുകളില്‍ നിന്നുയര്‍ന്നെങ്കിലും നേതാക്കളല്ലാത്ത സാധാരണ പ്രവര്‍ത്തകര്‍ ഈ സൂചനയില്‍ നിന്ന് ആവേശം കൊണ്ടു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റ് നേടി എസ്പിക്കും ബിഎസ്പിക്കുമൊപ്പം തലയുയര്‍ത്തിയ കോണ്‍ഗ്രസിനു പിന്നീടു തുടര്‍ച്ചയായി ചുവടുപിഴയ്ക്കുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ച 355 സീറ്റില്‍ ജയിച്ചത് 28. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതു രണ്ടു സീറ്റ് സോണിയ ഗാന്ധിയുടെ റായ് ബറേലിയും രാഹുലിന്റെ അമേഠിയും. ഈ ദൗര്‍ബല്യങ്ങളുടെയും പരാജയത്തിന്റെയും പശ്ചാത്തലത്തിലാണു ഗാന്ധി കുടുംബത്തിലെ അവസാന ആശ്രയത്തിലേക്കു കോണ്‍ഗ്രസ് പ്രതീക്ഷയോടെ കണ്ണയയ്ക്കുന്നത്. രാഹുല്‍ ഗാന്ധിയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിട്ടു കാര്യമില്ലെന്ന നിരാശയും ഇതിലുണ്ട്. കോണ്‍ഗ്രസിനെ പുനരുദ്ധരിക്കാന്‍ പതിനഞ്ചു വര്‍ഷത്തോളം രാഹുല്‍ നടത്തിയ ശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. പാര്‍ട്ടിയുടെ പൂര്‍ണ സാരഥ്യമേല്‍ക്കാനും അതുവഴി കര്‍മഫലത്തിന് ഏകാവകാശിയാകാനും അദ്ദേഹം ഇനിയും മുതിര്‍ന്നിട്ടില്ല. യൂത്ത് കോണ്‍ഗ്രസിലും എന്‍എസ്‌യുവിലും കൊണ്ടുവന്ന ‘കോര്‍പറേറ്റ്’ പരിഷ്‌കാരങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൈക്കൊണ്ട തീരുമാനങ്ങളില്‍ നല്ല പങ്കും പിഴച്ചു.

പാര്‍ട്ടി ഭരണഘടനയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം വെറുതെയായി. തെറ്റായ തീരുമാനങ്ങളുടെ കുത്തൊഴുക്കില്‍ സംസ്ഥാനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൈവിട്ടു. 2009ല്‍ 33 എംപിമാരുണ്ടായിരുന്ന ആന്ധ്രയില്‍ കോണ്‍ഗ്രസ് ഏറെക്കുറെ ഇല്ലെന്നായി. പൂര്‍ണമായി പരീക്ഷണവിധേയനാകും മുന്‍പേ പരാജയപ്പെട്ട പുത്രന് അമ്മയുടെ രാഷ്ട്രീയവിവേകവും തന്ത്രജ്ഞതയുമില്ലെന്നു നേതാക്കളില്‍ ഒരു വിഭാഗം കരുതുന്നു. മകന്‍ അര്‍ധമനസ്സോടെ പാര്‍ട്ടിയുടെ പൂര്‍ണാധികാരമേല്‍ക്കുമ്പോള്‍ തങ്ങള്‍ അപ്രസക്തരാകുമെന്നു ഭയക്കുന്നു. പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായില്ലെങ്കില്‍ പ്രചാരണത്തിന്റെ മുഖമെങ്കിലുമാകണമെന്ന ആവശ്യമാണു യുപിയുടെ ചുമതലയേറ്റ പുതിയ ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്റേത്. റായ് ബറേലിക്കും അമേഠിക്കുമപ്പുറം പ്രചാരണത്തിനിറങ്ങില്ലെന്ന വാശിയില്‍ നിന്നു പ്രിയങ്ക പിന്തിരിയുമെന്ന് അദ്ദേഹം ആശിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കില്ലെന്നു കാലാകാലങ്ങളായി പിന്തുടരുന്ന വാശി കോണ്‍ഗ്രസ് ഉപേക്ഷിച്ചേക്കുമെന്ന വ്യക്തമായ സൂചനയും ഗുലാം നബിയുടെ വാക്കുകളിലുണ്ട്.

പാര്‍ട്ടിക്കു വോട്ടു ചെയ്യുന്ന കാലം കഴിഞ്ഞെന്നു ‘ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി’യെ ബോധ്യപ്പെടുത്തിയതിന്റെ ക്രെഡിറ്റ് പ്രശാന്ത് കിഷോറിനു തന്നെ. യുപിയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രശാന്ത് രൂപപ്പെടുത്തുന്ന തന്ത്രങ്ങളുടെ വിജയം പ്രിയങ്കയുടെ റോളുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായെത്തിയാല്‍ കോണ്‍ഗ്രസ് പിടിച്ചുനില്‍ക്കും. ചിലപ്പോള്‍, ആള്‍ക്കൂട്ടത്തിന്റെ പാര്‍ട്ടി കൊടുങ്കാറ്റിളക്കിയെന്നും അതില്‍ സംസ്ഥാനത്തെ വന്മരങ്ങള്‍ കടപുഴകിയെന്നും മോദി പ്രഭാവം പണ്ടേപ്പോലെ ഫലിക്കാതെ പോയെന്നും വരും. അതല്ല അവര്‍ മുഖ്യ പ്രചാരകയായാണിറങ്ങുന്നതെങ്കിലും കോണ്‍ഗ്രസ് ചലനമുണ്ടാക്കും. രംഗത്തിറങ്ങിയാല്‍, അധികാരപദവികളില്ലാത്ത പ്രിയങ്ക തന്നെയാവും കോണ്‍ഗ്രസിന്റെ താരപ്രചാരക. ഇതേസമയം, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഏക ഛത്രാധിപതിയായി രംഗത്തെത്താനിരിക്കെ സോണിയ പുത്രിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാന്‍ സാധ്യത കുറവ്. പ്രിയങ്ക മത്സരരാഷ്ട്രീയത്തിലിറങ്ങേണ്ടതില്ലെന്ന കര്‍ക്കശ തീരുമാനത്തില്‍ കോണ്‍ഗ്രസിലെ ആദ്യ കുടുംബം ഇതുവരെ അയവു വരുത്തിയിട്ടില്ല.

പ്രിയങ്കയും സ്വന്തം കുടുംബത്തിനും മക്കള്‍ക്കുമാണു തല്‍ക്കാലം മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, പ്രചാരണത്തിന്റെ ഭ്രമണപഥം കുറെക്കൂടി വിശാലമാക്കണമെന്ന ആവശ്യത്തോട് അവര്‍ അനുകൂലമായി പ്രതികരിച്ചേക്കും. വാധ്‌രയെന്ന രണ്ടാം പേരു ചെറുതല്ലാത്ത ബാധ്യതയാകുന്നുവെങ്കിലും, ഗാന്ധി കുടുംബത്തിലെ യഥാര്‍ഥ രാഷ്ട്രീയക്കാരിക്ക് എത്ര നാളാണു വീടിന്റെയും രണ്ടു കുടുംബ മണ്ഡലങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാനാവുക എന്നതാണ് പ്രധാനചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here