കൊച്ചി: ആശുപത്രിക്കിടക്കയ്ക്കരുകില്‍ കതിര്‍മണ്ഡപം ഒരുങ്ങി. കഴിഞ്ഞദിവസാണ് തൃശൂര്‍ സ്വദേശികളായ ഫാജിറയും ഇസ്ഹാക്കും ജീവിതത്തില്‍ ഒന്നാകുന്നതിന് ആശുപത്രിയിലെ മരുന്നുമണക്കുന്ന ഒരു മുറി വേദിയായത്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള കയ്പമംഗലം വടക്കത്തേലയ്ക്കല്‍ ഹുമയൂണ്‍ കബീറിന്റെയും നാദിറയുടെയും മകള്‍ ഫാജിറക്ക് വേണ്ടി കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയാണ് വിവാഹവേദിയൊരുക്കിയത്. ഒല്ലൂക്കര കണയംകോട് വീട്ടില്‍ മൊയ്തീന്റെ മകന്‍ ഇസ്ഹാക്കായിരുന്നു വരന്‍.

ഈ മാസം ഏഴിന് ചെന്ത്രാപ്പിന്നി എടമുട്ടം റോഡിലുണ്ടായ അപകടത്തിലാണ് ഫാജിറക്കും കാര്‍ ഓടിച്ചിരുന്ന പിതാവ് ഹുമയൂണിനും പരിക്കേറ്റത്. നിക്കാഹ് നേരത്തേ നിശ്ചയിച്ച ദിവസംതന്നെ നടത്താമെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ വേദിയൊരുക്കിയത്. ഇതിനായി അലങ്കാരങ്ങളോടെ പ്രത്യേക സൗകര്യമൊരുക്കി. വരനും വിവാഹ സംഘവും 4.30 ഓടെ വേദിയിലത്തെി. ഹുമയൂണ്‍ കബീറിനെ ആശുപത്രി കിടക്കയില്‍തന്നെ നിക്കാഹിന്റെ വേദിയില്‍ എത്തിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഓര്‍ത്തോപീഡിക്‌സ് കണ്‍സല്‍ട്ടന്റ് ഡോ. വിജയമോഹന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ രമേശ് കുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം വധുവിനുള്ള വിവാഹ സമ്മാനം ഇസ്ഹാക്കിന് ആശുപത്രി അധികൃതര്‍ കൈമാറി. നിക്കാഹിനത്തെിയവര്‍ക്കായി ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here