തിരുവനന്തപുരം:ലോകത്തിലെ ഏറ്റവുംവലിയ പഴമായ ചക്കയുടെ പ്രശസ്തി ലോകംമുഴുവന്‍ പ്രചരിപ്പിക്കാന്‍ കൊച്ചുകേരളത്തില്‍ നടക്കുന്നത് ഒട്ടറേ വൈവിധ്യമാര്‍ന്ന പരിപാടികള്‍. ഇതിന്റെ ഭാഗമായി നടത്തിയചക്ക വിളംബര യാത്രയോടനുബന്ധിച്ച് ജാക്ക് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ശാന്തിഗ്രാം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്ലാവിന്റെയും ചക്കയുടെയും മാഹാത്മ്യം സമൂഹത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പുരസ്‌ക്കാരം നല്‍കി ആദരിക്കാനൊരുങ്ങുകയാണ്. ചക്കയുടെ മാഹാത്മ്യം ആഗോളതലത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശ്രീപദ്രേയ്ക്ക് ചക്കയുടെ ആഗോള അംബാസിഡര്‍ പുരസ്‌ക്കാരം സമ്മാനിക്കും. 25,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ഭക്ഷ്യമേഖലയിലെ ചക്ക അംബാസിഡര്‍ പുരസ്‌ക്കാരത്തിന് ജെയിംസ് ജോസഫിനേയും ചക്കയുടെ മാധ്യമ മേഖലാ അംബാസിഡറായി മാതൃഭൂമി ആലപ്പുഴ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി വേണുകുമാറിനെയും ചക്കയുടെ മാതൃകാ വ്യവസായ സംരംഭക അംബാസിഡറായി സുഭാഷ് കോറോത്ത്, മാതൃകാ സംഘാടനകനായി സി.ഡി സുനിഷ്, ശ്രേഷ്ഠ പരിശീലകയായി പത്മിനി ശിവദാസ് എന്നിവരെ തെരഞ്ഞെടുത്തു. 10,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

ചക്കയുടെ പ്രചാരണത്തിന് ഭരണതലത്തിലും സമൂഹതലത്തിലും സഹായവും പിന്തുണയും നല്‍കിയ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റും രണ്ടാം ദേശീയ ചക്കമഹോത്സവത്തിന്റെ ചെയര്‍മാനുമായ കുമ്മനം രാജശേഖരന്‍ എന്നിവരെ ശ്രേഷ്ഠ സേവാ പുരസ്‌ക്കാരം നല്‍കി ആദരിക്കും. സന്നദ്ധ സംഘടനകള്‍ക്കുള്ള ശ്രേഷ്ഠസേവാ പുരസ്‌ക്കാരം സിസ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍)യ്ക്കാണ്.

ലോകത്തിലാദ്യമായി ഒട്ടുചേരല്‍ വിദ്യയിലൂടെ മുട്ടംവരിയ്ക്ക പ്ലാവ് സൃഷ്ടിച്ച പ്രൊഫ. കെ. ശ്രീനിവാസന് മരണാനന്തര ബഹുമതിയായി പ്ലാവ്പുണ്യവൃക്ഷം (ഖമരസമ വീഹ്യ േൃലല) പുരസ്‌ക്കാരം സമ്മാനിക്കും. ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുണ്യവൃക്ഷം പ്രൊഫ. ശ്രീനിവാസന്‍ പുരസ്‌ക്കാരത്തിനായി ജാക്ക് അനിലി(എസ്. അനില്‍കുമാര്‍)നെ തെരഞ്ഞെടുത്തു. ജെയിംസ് പി.മാത്യ (ഇരിമ്പകചോല, പാലക്കാട്), ഡോ.ജിസ്സി ജോര്‍ജ് (കെ.വി.കെ ആലപ്പുഴ) എന്നിവരെ ചടങ്ങില്‍ ആദരിക്കും. മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍. ഹേലി ചെയര്‍മാനും ഡോ.ആര്‍. ഗോപിമണി, സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ.കെ. പ്രതാപന്‍, ജാക്ക് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റൂഫസ് ഡാനിയേല്‍, ശാന്തിഗ്രാം ചെയര്‍മാന്‍ ആര്‍.കെ സുന്ദരം എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര നിര്‍ണ്ണയം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here