ചിക്കാഗോ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്റെ 18-മത് സമ്മേളനം ഷിക്കാഗോയില്‍ നടന്നു. ഷിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം അതിഥ്യമരുളിയ ഭദ്രാസന സമ്മേളനം ഓര്‍മ്മകളില്‍ കാത്തു സൂക്ഷിക്കുവാന്‍ അവിസ്മരണീയമായ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു. കലുഷിതമായ ലോകത്ത് ക്രിസ്തുവിനെ പുനരവതരിപ്പിക്കുക എന്ന ചിന്താവിഷയത്തെ കോണ്‍ഫ്രന്‍സിന്റെ പഠനങ്ങള്‍ അന്വര്‍ത്ഥമാക്കി. മൂന്നൂറ്റി ഇരുപത്തഞ്ചില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത സമ്മേളനം അതിന്റെ നടത്തിപ്പിലും ക്രമീകരണങ്ങളിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

ഷിക്കാഗോ ക്രിസ്റ്റല്‍ലേക്കിലുള്ള സമ്മേളനവേദിയായ മാര്‍ തെയോഫിലോസ് നഗറില്‍(ഹോളിഡേ ഇന്‍ ഹോട്ടല്‍) ജൂലൈ 15 വെള്ളിയാഴ്ച വൈകീട്ട് വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ആരംഭം കുറിച്ച സമ്മേളനം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു. ഭദ്രാസന ഉപാധ്യക്ഷന്‍ റവ.ബിനു.സി.ശാമുവേല്‍, സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മാത്യൂസ് തോമസ്, ഭദ്രാസന അസംബ്ലി അംഗം ലാജി തോമസ്, കോണ്‍ഫ്രന്‍സ് കമ്മറ്റി പ്രസിഡന്റ് റവ.എബ്രഹാം സ്‌കറിയ, കണ്‍വീനര്‍ മോനിഷ് ജോണ്‍, ഷിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം സെക്രട്ടറി സുനീന ചാക്കോ, യുവജന സഖ്യം ഭാരവാഹികള്‍, ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ വൈദീകര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രാരംഭ ആരാധനയ്ക്ക് ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം നേതൃത്വം നല്‍കി. മധുരതരമായി ഗാനങ്ങള്‍ ആലപിച്ച ഗായകസംഘം സമ്മേളനത്തില്‍ ആദിയോടന്തം നവോന്മേഷം പകര്‍ന്നു.

സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷകരായിരുന്ന ഡോ.തോമസ് ഇടുക്കുള, പ്രീന മാത്യു എന്നിവര്‍ സമ്മേളന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ്സുകള്‍ ക്രമീകരിച്ചിരുന്നു. സമ്മേളനത്തിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെയും, യുവധാരയുടെയും പ്രകാശന കര്‍മ്മം അഭി.ഫീലക്‌സിനോക്‌സ് തിരുമേനി ഉത്ഘാടന സമ്മേളനത്തില്‍ നിര്‍വഹിച്ചു. ചിക്കാഗോ മാര്‍ത്തോമ്മ യുവജനസഖ്യാംഗങ്ങള്‍ അവതരിപ്പിച്ച ‘തീം പ്രസന്റേഷന്‍’ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

വിവിധ റീജണുകളെ പങ്കെടുപ്പിച്ച് നടത്തിയ വോളിമ്പോള്‍ ടൂര്‍ണമെന്റ്, സഖ്യം പൂര്‍വ്വകാല പ്രവര്‍ത്തകരുടെ സമ്മേളനം, യോഗ ക്ലാസ്, ടാലന്റ് നൈറ്റ്,ഫാമിലി ക്രാഫ്റ്റ്, ആയുര്‍വ്വേദക്ലാസ്സ്, പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ ശോഭ വര്‍ദ്ധിപ്പിച്ചു. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് അഭി.ഫീലക്‌സിനോക്‌സ് തിരുമേനി മുഖ്യകാര്‍മ്മീകനായിരുന്നു. തുടര്‍ന്ന് നടന്ന ഭദ്രാസന യുവജന സഖ്യത്തിന്റെ ബിസിനസ് മീറ്റിംഗില്‍ വെച്ച് മിഷന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും, യുവധാര എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഭദ്രാസന കൗണ്‍സില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഇതോടനുബന്ധിച്ച് സുവനീറില്‍ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നവര്‍ക്കുള്ള സമ്മേളനത്തിന്റെ ഉപഹാരം അഭി.തിരുമേനി നല്‍കി. വിഷയസ്പദമായും,  അനുകാലീക സംഭവങ്ങളെക്കുറിച്ചുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയായി. വിവിധ സബ്കമ്മറ്റികളുടെ പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ പ്രവര്‍ത്തനം സമ്മേളന വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ഭദ്രാസന യുവജനസഖ്യത്തിന്റെ 19-ാം മത് സമ്മേളനം 2017-ല്‍ ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ നടക്കും. വളരെ ഭംഗിയായി കോണ്‍ഫ്രന്‍സ് നടത്തിയ ചിക്കാഗോ മാര്‍ത്തോമാ യുവജന സഖ്യത്തിനോടുള്ള നന്ദി ഭദ്രാസന യുവജന സഖ്യം കൗണ്‍സില്‍ രേഖപ്പെടുത്തി. ഭദ്രാസന മീഡിയാ കമ്മററിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

32  4 5 6 7 8 9 10 11

LEAVE A REPLY

Please enter your comment!
Please enter your name here