സമൂഹത്തില്‍ ഇന്ന് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ തുറന്ന സന്ദേശവുമായി ഇരകള്‍ എന്ന സിനിമ പ്രദര്‍ശനത്തിന് എത്തി. നീതി കിട്ടാതെ അലയുന്ന കുടുംബങ്ങളുടെ നൊമ്പരങ്ങള്‍ പ്രമേയമാക്കി നിര്‍മ്മിച്ച ഹ്രസ്വ സിനിമയായ ഇരകളുടെ ആദ്യ പ്രദര്‍ശനം കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്നു. വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കിരയാകുന്നവരുടെ കുടുംബങ്ങള്‍ വഞ്ചിക്കപ്പെടുകയും നീതി തേടി അലയുകയും ചെയ്യുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്ക്കാരമാണ്  ഈ സിനിമ‍. ചൈത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ ഫ്രണ്ട്സ് മൂവി മേക്കേഴ്സ് നിര്‍മ്മിച്ച 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇരകള്‍ സ്ത്രീപീഡനങ്ങള്‍ക്ക് ഇരയാകുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും നൊമ്പരക്കാഴ്ചകളിലേയ്ക്കുള്ള ഒരു എത്തിനോട്ടം കൂടിയാണ്. പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിയുടെ കൊലയാളികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ അലയുന്ന ഒരു സഹോദരന്റെ തിക്താനുഭവങ്ങളാണ് സിനിമ പറയുന്നത്. ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം അയാളെ ചതിച്ച് കൊലയാളിക്ക് കൂട്ടു നില്‍ക്കുകയാണ്. സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ജീര്‍ണിച്ച അവസ്ഥ സിനിമ തുറന്ന് കാട്ടുന്നു. യുവ നാടകകൃത്തും സംവിധായകനുമായ അനിലന്‍ കാവനാട്, ഫോട്ടോഗ്രാഫര്‍ സുരേഷ് ചൈത്രം എന്നിവര്‍ ചേര്‍ന്നാണ് കഥയും സംഭാഷണവും ഒരുക്കി ഇരകള്‍ സംവിധാനം ചെയ്തത്. സിനിമയിലെ പ്രധാന നടനും സുരേഷ് ചൈത്രമാണ്. ജയകുമാര്‍ കേശവന്‍, പ്രദീപ് കുരീപ്പുഴ, അഡ്വ. അഖില്‍രാജ്, സോണി വിദ്യാധരന്‍, രാധു, ദീജ, ദീപ്തി എന്നിവരും സിനിമയില്‍ മുഖ്യവേഷത്തില്‍ എത്തുന്നു. അന്തരിച്ച മാധ്യമ പ്രവര്‍ത്തകനും കവിയുമായ ചാത്തന്നൂര്‍ മോഹന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആലാപനവും സംഗീത സംവിധാനവും കേരളപുരം ശ്രീകുമാര്‍. ഷിജു പുത്തുര്‍ ആണ് അസോസിയേറ്റ് ഡയറക്ടര്‍. സംവിധാന സഹായി അനന്തു.എസ്.അരവിന്ദ്. കലാസംവിധാനം പ്രമോദ്. ക്യാമറയും എഡിറ്റിംഗും വി.എഫ്.എക്സ്.വിജിന്‍ കണ്ണന്‍ നിര്‍വ്വഹിച്ചു. 

14

15

 

LEAVE A REPLY

Please enter your comment!
Please enter your name here