തിരുവനന്തപുരം∙ കേരളം കാത്തിരുന്ന ജനവിധിയിൽ യുഡിഎഫിനു നിറശോഭ. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എം.വിജയകുമാറിനെ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി യുഡിഎഫിന്റെ കെ.എസ്. ശബരീനാഥൻ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് നിലനിർത്തി. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ അരുവിക്കര ഒഴികെ ഏഴിലും യുഡിഎഫ് ലീഡ് നേടി. ആകെ പോൾ ചെയ്ത 142,496 വോട്ടിൽ ശബരീനാഥൻ 56,448 വോട്ടും വിജയകുമാർ 46320 വോട്ടും നേടിയപ്പോൾ 34145 വോട്ടു സമാഹരിച്ചു ബിജെപിയുടെ ഒ. രാജഗോപാൽ ശക്തമായ സാന്നിധ്യം അറിയിച്ചു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ചൂണ്ടുപലക എന്നു വിലയിരുത്തപ്പെട്ട ശക്തമായ ത്രികോണ മൽസരത്തിൽ പ്രതീക്ഷകളെയും കടന്നു മിന്നുന്ന വിജയമാണു ശബരീനാഥൻ നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അദ്ദേഹം മുന്നേറി. ഒരു ഘട്ടത്തിലും പിന്നിലാകാതെ ആകെ 153 ബൂത്തിൽ പകുതി എണ്ണിയപ്പോൾ 5000 വോട്ടിന്റെ ലീഡിലേക്കു കുതിച്ചു. എം. വിജയകുമാറിന്റെ ജന്മദേശമായ പനയ്ക്കോട്ടെ ബൂത്തിൽ വരെ എൽഡിഎഫ് പിന്നിലായതോടെ യുഡിഎഫിന്റെ വിജയം പൂർണപ്രഭ വിതറി.

സ്പീക്കറായിരുന്ന ജി. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ 2011ൽ പിതാവു നേടിയ 10674 വോട്ടിന്റെ ലീഡും മറികടന്നേക്കുമെന്ന പ്രതീതി ഉയർത്തിയെങ്കിലും തൊട്ടടുത്തെത്തി നിന്നു. കാർത്തികേയൻ അന്നു നേടിയതിലും 349 വോട്ടുകൾ ശബരിക്കു കുറവാണ്. അന്ന് എൽഡിഎഫ് സ്ഥാനാർഥി അമ്പലത്തറ ശ്രീധരൻ നായർ (ആർഎസ്പി) നേടിയതിലും 197 വോട്ടു കൂടുതൽ നേടാനേ സിപിഎമ്മിന്റെ എം. വിജയകുമാറിനു സാധിച്ചുള്ളൂ. ആകെ വോട്ട് കാൽലക്ഷത്തോളം കൂടിയെങ്കിലും ശക്തമായ വെല്ലുവിളി ഉയർത്തിയ ബിജെപി ഇരുകൂട്ടരുടെയും വോട്ടുവിഹിതത്തിൽ വിള്ളൽ വീഴ്ത്തി. 2011ൽ 7694 വോട്ടും 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ 14000 വോട്ടും ആയിരുന്നു ബിജെപിക്ക്.

പി.സി. ജോർജിന്റെ അഴിമതിവിരുദ്ധ മുന്നണി സ്ഥാനാർഥി കെ. ദാസിന് 1197 വോട്ടും പിഡിപിയുടെ പൂന്തുറ സിറാജിന് 703 വോട്ടും മാത്രം. നാലാം സ്ഥാനത്തെത്തിയ നോട്ട(നിഷേധവോട്ട്)യ്ക്കും (1430) പിന്നിലായിപ്പോയി ഇരുവരും. ഇതോടെ ഈ സർക്കാരിന്റെ കാലത്തു നടന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. നേരത്തേ പിറവം, നെയ്യാറ്റിൻകര മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പു നടന്നത്.

നിയമസഭാ സമ്മേളനവേളയിൽ യുഡിഎഫ് അംഗബലം വർധിച്ച് 75 ആകുന്നു. ആംഗ്ലോ ഇന്ത്യൻ നോമിനിയും ഇടഞ്ഞുനിൽക്കുന്ന പി.സി.ജോർജും അടക്കമാണിത്. കെ.ബി. ഗണേഷ്കുമാർ അടക്കം എൽഡിഎഫ് പക്ഷത്ത് 66 പേരാണുള്ളത്.

സത്യപ്രതിജ്ഞ ഇന്ന്, ശബരീനാഥൻ ഇനി സഭയിലെ ‘ബേബി’

തിരുവനന്തപുരം∙ അരുവിക്കരയിൽ ജയിച്ച യുഡിഎഫിലെ കെ.എസ്. ശബരീനാഥന്റെ സത്യപ്രതിജ്ഞ ഇന്ന് 9.30നു നിയമസഭാ ചേംബറിൽ നടക്കും. അതോടെ ഈ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാകും മുപ്പത്തിയൊന്നുകാരനായ ശബരി. 1983 സെപ്‌റ്റംബർ അഞ്ചിന് ജനിച്ച ശബരീനാഥൻ ഹൈബി ഈഡന്റെ ബേബി സ്‌ഥാനമാണ് കൈയ്യടക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 19 ന് ഹൈബിക്ക് 32 വയസ് പൂർത്തിയായി..

വോട്ട് നില

∙ കെ.എസ്.ശബരീനാഥൻ (കോൺ)-56448

∙ എ. വിജയകുമാർ (സിപിഎം)-46320

∙ ഒ. രാജഗോപാൽ (ബിജെപി)-34145

∙ നോട്ട-1430

∙ കെ. ദാസ് (എസിഡിഎഫ്)-1197

∙ പൂന്തുറ സിറാജ് (പിഡിപി)-703

∙ പി.കെ.സുകുമാരൻ (സ്വത)-481

∙ സുനിൽ കാരാണി (സ്വത)-422

∙ ഫാ. തോമസ് കൈതപ്പറമ്പിൽ (എകെടിപി)-383

∙ ഇരിഞ്ചിയം സുരേഷ് (സ്വത)-354

∙ ടി.ആർ. ശ്രീജിത് (എബിഎച്ച്എം)-171

∙ എം.എസ്.ശബരിനാഥ് (സ്വത)-143

∙ എൻ. ശശിധരൻ പിള്ള (ഇഎസ്കെപി)-93

∙ ബി. വിജയകുമാർ (സ്വത)-69

∙ കെ.എം.ശിവപ്രസാദ് (ഐജിപി)-62

∙ വിജയകുമാരൻ നായർ (സ്വത)-40

∙ കെ.ജി.മോഹനൻ (സ്വത)-35

ഭൂരിപക്ഷം-10128

 

sabarinath.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here