കൊച്ചി ∙ സോളർ തട്ടിപ്പു കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ചു വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത ജുഡീഷ്യൽ കമ്മിഷനിലും ആവർത്തിച്ചു സിപിഎം പിബി അംഗം പിണറായി വിജയൻ. സിബിഐ അന്വേഷണമെന്ന ആവശ്യം പാർട്ടിക്ക് ഇല്ലെന്ന് അഭിഭാഷകരുടെ ചോദ്യത്തിനു മറുപടിയായി ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുൻപാകെ പിണറായി മൊഴി നൽകി. പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടുന്നയാളാണ്. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടാകാം. പാർട്ടിക്ക് അത്തരമൊരു തീരുമാനമില്ല.

സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും പോലുള്ള കുറ്റവാളികൾ ഉൾപ്പെട്ട തട്ടിപ്പ് ഇവിടുത്തെ പൊലീസ് അന്വേഷിക്കേണ്ട കാര്യമേയുള്ളൂ. മുഖ്യമന്ത്രികൂടി ആരോപണ വിധേയനായതുകൊണ്ടാണു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പദവിയിൽനിന്നു മാറിനിന്നു വേണം അന്വേഷണം നടത്താൻ എന്ന നിലപാടാണു പാർട്ടി കൈക്കൊണ്ടത്.

സരിതയുമായി മുഖ്യമന്ത്രിയും ചില മന്ത്രിമാരും എംഎൽഎമാരും മറ്റ് ഉന്നതരും നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഐജി ടി.ജെ. ജോസിന്റെ പക്കലുണ്ടായിരുന്നു. ഇതു ചോർത്തിയ ജോസിനെതിരെ അന്നത്തെ ഇന്റലിജന്റ്സ് മേധാവി ടി.പി. സെൻകുമാർ നടപടിക്കു ശുപാർശ ചെയ്തു. മുഖ്യമന്ത്രി അംഗീകരിച്ചില്ല. താൻ തന്നെ പ്രതിസ്ഥാനത്തു നിൽക്കുന്ന സാഹചര്യത്തിൽ ജോസിനെ പിണക്കുന്നത് അപകടമായതുകൊണ്ടാണു മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നതെന്നു പിണറായി മൊഴി നൽകി.

മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ വെളിപ്പെടുത്തിയ സരിതയുടെ 21 പേജുള്ള കത്ത് യഥാസമയം പിടിച്ചെടുക്കാതിരുന്നത് അന്വേഷണം അട്ടിമറിക്കാനാണ്. ഇതു മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിന്റെ ചുമതല ഡിഐജി പ്രദീപ് കുമാറിനാണെന്നിരിക്കെ, അദ്ദേഹത്തെ ഒഴിവാക്കി ഡിഐജി ഗോപകുമാർ ജയിൽ സന്ദർശിച്ചത് ഇതിനു വേണ്ടിയായിരുന്നു. പിന്നീട് അവിടെ വച്ചെഴുതിയ നാലു പേജുള്ള കത്താണു കോടതിയിൽ കൊടുത്തത്. ഇതിൽനിന്നു പേരുകൾ ഒഴിവാക്കിയിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ടു പൊലീസിലെ സൈബർ വിഭാഗത്തിന്റെ ഒരന്വേഷണവും നടന്നില്ല. ഇത് ഉന്നത ബന്ധങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു. ചില മാധ്യമങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ എന്നിവരെ സ്വാധീനിച്ച് അവരുടെ സഹായത്തോടെയാണു സരിത ഇടപാടുകാരെ സംഘടിപ്പിച്ചതെന്നു പത്തനംതിട്ട ജെഎഫ്സിഎം കോടതിയുടെ വിധിന്യായത്തിലുണ്ടെന്നു പിണറായി പറഞ്ഞു. വിധിന്യായത്തിന്റെ പകർപ്പ് കമ്മിഷനിൽ ഹാജരാക്കി.

പത്രവാർത്തകളുടെയും കോടതി പരാമർശങ്ങളുടെയും അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണു കമ്മിഷനു മുൻപിൽ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

pinarayi-vijayan.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here