കൊച്ചി ∙ പെൻഷൻ ബാധ്യത വഹിക്കാൻ കെഎസ്ആർടിസിക്കു വർഷത്തിൽ 480 കോടി രൂപ കിട്ടാവുന്ന സാഹചര്യം നിലവിലുണ്ടെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഉയർന്ന പലിശയുള്ള വായ്പകൾ പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, എൽഐസിയുമായി ചേർന്നുള്ള പെൻഷൻ പദ്ധതി തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചതായി സർക്കാർ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം 331.65 കോടി രൂപ സർക്കാർ നൽകി. പുനരുദ്ധാരണ പദ്ധതിക്കു നടപടിയെടുത്തു. സെസ് ഇനത്തിൽ പ്രതിമാസം ശരാശരി 20 കോടി രൂപ പിരിച്ചെടുക്കാൻ കെഎസ്ആർടിസിക്കു സർക്കാർ അനുമതി നൽകി. ഈ സാമ്പത്തിക വർഷം മുതൽ പദ്ധതിയേതര വിഹിതമായി പ്രതിമാസം 20 കോടി രൂപ നൽകാനും സമ്മതിച്ചു. രണ്ടിനത്തിലും പ്രതിവർഷം 240 കോടി വീതം ആകെ 480 കോടി രൂപ ലഭിക്കും.

2014 ഡിസംബർ 22നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎസ്ആർടിയുടെ ദൈനംദിന പ്രവർത്തന പുരോഗതിക്കും മെച്ചപ്പെട്ട ഭരണത്തിനുമായി ചില തീരുമാനങ്ങളെടുത്തു. കോർപറേഷന്റെ പുനരുദ്ധാരണത്തിനു സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തി അപാകതകളുണ്ടെങ്കിൽ തിരുത്താൻ നടപടിയെടുക്കുമെന്നും അറിയിച്ചു. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സമർപ്പിച്ച ഹർജിയിലാണു ട്രാൻസ്പോർട്ട് സെക്രട്ടറി ഡോ. വി. എം. ഗോപാലൻ മേനോൻ സമർപ്പിച്ച സത്യവാങ്മൂലം. പെൻഷൻ ബാധ്യതയുൾപ്പെടെ കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതു സംബന്ധിച്ചു 2014 ഡിസംബറിലെ കോടതിവിധി പാലിച്ചില്ലെന്നാണു ഹർജിക്കാരുടെ പരാതി.

കോടതി വിധി അവഗണിച്ചെന്ന ആക്ഷേപം ശരിയല്ലെന്നു സർക്കാർ അറിയിച്ചു. വിവിധ വിഭാഗം യാത്രക്കാർക്കു സൗജന്യയാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ടു സർക്കാർ നൽകാനുള്ള കുടിശിക തീർക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ തുക എത്രയെന്ന് അറിയിക്കേണ്ടതു കെഎസ്ആർടിസിയാണ്. 2012 – 13 വരെയുള്ള കോർപറേഷന്റെ ഓ‍ഡിറ്റ് അക്കൗണ്ടുകളിൽ കെഎസ്ആർടിസിക്ക് എത്ര തുക നൽകണമെന്ന് അക്കൗണ്ടന്റ് ജനറൽ വ്യക്തമാക്കുന്നില്ല. യഥാർഥ തുക എത്രയെന്ന് അറിയാതെ തുക കൈമാറാനാവില്ലെന്നും സർക്കാർ അറിയിച്ചു.

 

ksrtc.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here