തിരുവനന്തപുരം ശാസ്‌തമംഗലം ശ്രീരംഗം ലെയ്‌നിലെ ‘അഭയ’ത്തിൽ ടിവി സ്‌ക്രീനിൽ വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരുന്നു. ശബരീനാഥന്റെ മുന്നേറ്റത്തിൽ പ്രവർത്തകർ ഹർഷാരവം മുഴക്കി. മകൻ വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്കു കുതിക്കുമ്പോൾ പക്ഷേ, അമ്മ എം.ടി. സുലേഖ നിശ്ശബ്‌ദമായി കരയുകയായിരുന്നു. ‘ചേട്ടനില്ലല്ലോ…’ അവർ വിതുമ്പി. അടുത്തിരുന്ന, കാർത്തികേയന്റെ സന്തതസഹചാരികളായിരുന്ന കോൺഗ്രസ് നേതാക്കൾ മണക്കാട് സുരേഷും യൂജിൻ തോമസും ആശ്വസിപ്പിച്ചു. വിജയത്തിന്റെ ആഹ്ലാദം തെല്ലും മുഖത്തു പ്രകടിപ്പിക്കാതെ ഗൗരവത്തിലിരുന്ന ശബരിയും അമ്മയോട് ആശ്വാസവചനം പറഞ്ഞു.

എട്ടു മണിക്കു വോട്ടെണ്ണിത്തുടങ്ങും മുൻപുതന്നെ മാധ്യമപ്രവർത്തകരുടെ വൻപട ശബരിയുടെ വീട്ടിൽ എത്തിയിരുന്നു. ശബരിയും ജ്യേഷ്‌ഠൻ അനന്തപത്മനാഭനും സുലേഖയും ഒന്നിച്ചിരുന്നാണു വോട്ടെണ്ണലിന്റെ പുരോഗതി വീക്ഷിച്ചത്. ആദ്യപഞ്ചായത്തായ തൊളിക്കോട് എണ്ണിയപ്പോൾ തന്നെ ശബരിക്ക് 1422 വോട്ടിന്റെ ലീഡ്. രണ്ടാമത്തെ പഞ്ചായത്തായ വിതുര എണ്ണിത്തീർന്നപ്പോൾ അത് 2606 ആയി. അതോടെ ഭൂരിപക്ഷം പതിനായിരം കാണുമെന്നു സൂചനയായി. വിജയം ഉറപ്പിച്ചതോടെ പ്രവർത്തകർ കൂട്ടമായി ‘അഭയ’യിലേക്ക് എത്തിത്തുടങ്ങി. എല്ലാവർക്കും പായസം വിളമ്പി ആഹ്ലാദം പങ്കുവച്ചു.

കാർത്തികേയന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഓരോരോ കാര്യങ്ങൾ സുലേഖ അനുസ്‌മരിച്ചുകൊണ്ടിരുന്നു. പത്താമത്തെ പഞ്ചായത്തായ അരുവിക്കര എണ്ണിക്കഴിഞ്ഞപ്പോഴേക്കു വോട്ടെണ്ണൽ നടക്കുന്ന സംഗീത കോളജിലെത്താൻ ശബരിക്കു ഫോൺവിളി വന്നു. വിജയിച്ചതിനുള്ള സർട്ടിഫിക്കറ്റ് ഒപ്പിട്ടു വാങ്ങണമായിരുന്നു. അച്‌ഛനെ അനുസ്‌മരിച്ച ചാനലുകൾക്ക് ഒരു ‘ബൈറ്റ്’ നൽകിയശേഷം ശബരി ഇറങ്ങി. അച്‌ഛന്റെ അസ്‌ഥിത്തറയിൽ വണങ്ങിയ ശേഷമായിരുന്നു യാത്ര.
sabarinath-and-sulekha.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here