IG-TJ-Jose.jpg.image.784.410

കോട്ടയം ∙ ഐജി ടി.ജെ. ജോസ് പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുന്ന സിൻഡിക്കറ്റ് ഉപസമിതിയിൽ അന്തിമറിപ്പോർട്ടിനെച്ചൊല്ലി ഭിന്നത. തിടുക്കത്തിൽ റിപ്പോർട്ട് തയാറാക്കുകയാണെന്ന ആരോപണവുമായി ഏഴംഗസമിതിയിലെ മൂന്നുപേർ രംഗത്തുവന്നു.

മൂന്നംഗങ്ങൾ വിയോജിപ്പു പ്രകടിപ്പിക്കാൻ കാരണമായി പറയുന്നത് ഇതൊക്കെയാണ്: ഐജിയുടെ കോപ്പിയടി വിവാദത്തിൽ എംജി സർവകലാശാല നിയോഗിച്ച ഉപസമിതിയുടെ മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല. തൊട്ടടുത്ത് ഇരുന്നു പരീക്ഷയെഴുതിയ ജഡ്ജിമാർ ഉൾപ്പെടെ ആറു ജുഡിഷ്യൽ ഓഫിസർമാരുടെ മൊഴിയെടുക്കാനുണ്ട്. മൊഴിനൽകാനായി കോട്ടയത്തേക്കു വരാനാകില്ലെന്നും കൊച്ചിയിലാണ് ഉപസമിതി ചേരുന്നതെങ്കിൽ എത്താമെന്നും ആറുപേരും അറിയിച്ചു.

കൊച്ചിയിൽ യോഗംചേരാൻ ഉപസമിതി തയാറായില്ല. പരീക്ഷയെഴുതിയ വിദ്യാർഥികൾ എന്ന നിലയിൽ സർവകലാശാല വിളിക്കുന്നിടത്തേക്കു വരണമെന്ന നിലപാടായിരുന്നു ഉപസമിതിയുടേത്. ഇവർക്കു രണ്ടാമതും നോട്ടിസ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കരുത്.

രണ്ടാമതു നോട്ടിസ് നൽകിയാലും തെളിവെടുപ്പിനു ജുഡീഷ്യൽ ഓഫിസർമാർ വന്നില്ലെങ്കിൽ അവരുടെ മൊഴി ഒഴിവാക്കി ഇതുവരെ ലഭിച്ച മൊഴി പ്രകാരം ഐജി കുറ്റക്കാരനാണെന്ന നിഗമനത്തിലെത്താമെന്നായിരുന്നു കഴി‍ഞ്ഞ ഉപസമിതിയോഗത്തിലെ തീരുമാനം. ഈ തീരുമാനത്തിനെതിരെയാണു മൂന്നംഗങ്ങൾ രംഗത്തുവന്നത്. കൂടെ പരീക്ഷയെഴുതിയവരിൽ 11 പേരും ഐജി ജോസ് കോപ്പിയടിച്ചതു കണ്ടതായി പറഞ്ഞിട്ടില്ല. പരീക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് ഇൻവിജിലേറ്റർമാരിൽ ഒരാൾ മാത്രമെ ഐജി കോപ്പിയടിച്ചതു കണ്ടെന്ന് ഉറപ്പിച്ചു പറയുന്നുള്ളു.

താൻ തറയിൽനിന്നു കുനിഞ്ഞെടുത്തതു തൂവാല ആണെന്നും കോപ്പിയടിക്കാൻ കൊണ്ടുവന്ന പേപ്പറല്ലെന്നും ഐജിയുടെ മൊഴിയുള്ള സാഹചര്യത്തിൽ ഐജിയെ കുറ്റക്കാരനാക്കുന്നതു നിയമലംഘനമാകുമെന്നാണു മൂന്നുപേരുടെയും അഭിപ്രായം. അതേസമയം, ഏഴംഗസമിതിയിലെ നാലുപേരുടെ നിലപാട് ഇതിനുവിരുദ്ധമാണ്. കോപ്പിയടിക്കു പിടിക്കപ്പെടുന്ന ആളുടെ അടുത്തിരുന്നു പരീക്ഷയെഴുതിയവരുടെ മൊഴിയെടുത്തിട്ടല്ല ഒരിടത്തും കോപ്പിയടിക്കു ശിക്ഷ നൽകിയതെന്നാണ് ഉപസമിതി ചെയർമാൻ ഉൾപ്പെടെ ബാക്കി അംഗങ്ങളുടെ വാദം. അതുകൊണ്ട് ഒരു ഇൻവിജിലേറ്ററുടെ മൊഴി തന്നെ ധാരാളമെന്നും അവർ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here