തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്നും പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ നീക്കത്തെ കെപിസിസി പ്രസിഡണ്ട് എതിര്‍ക്കുമ്പോഴാണ് പ്രതിപക്ഷനേതാവ് വ്യത്യസ്ത നിലപാടെടുക്കുന്നത്. കോണ്‍ഗ്രസ്സിലെ ബാര്‍ യുദ്ധ കാലത്തും ചെന്നിത്തലയുടേത് സമവായ നിലപാടായിരുന്നു.

പൂട്ടിയ 418 ബാറില്‍ നിലവാരമുള്ളവ പരിശോധിച്ച് തുറക്കണമെന്ന ചെന്നിത്തലയുടെ ഫോര്‍മുല അന്ന് സുധീരന്‍ തള്ളി. ഇന്നിപ്പോള്‍ ചെന്നിത്തല മദ്യനയത്തില്‍ തിരുത്തലാവശ്യപ്പെടുന്നു. നയം പ്രതീക്ഷിച്ച ഗുണം കിട്ടിയില്ലെന്നാണ് കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല പറയുന്നത്. തിരുത്തല്‍ പാര്‍ട്ടി ആലോചിക്കണം, പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം പറയും. നയം തിരുത്താനുള്ള സര്‍ക്കാര്‍ നീക്കം സജീവമാകുമ്പോഴാണ് പ്രതീപക്ഷനേതാവിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്. ടൂറിസം മേഖലയില്‍ തിരിച്ചടി ഉണ്ടെന്നും മദ്യനയം മാറ്റണമെന്നും ടൂറിസം മന്ത്രി എസി മൊയ്തീന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടുകഴിഞ്ഞു. ഗൗരവമായി പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രിയും നിലപാടെടുത്തി. ടൂറിസം മറയാക്കി ബാര്‍ തുറക്കാനാണ് നീക്കമെന്ന് പറഞ്ഞ് സുധീരന്‍ എതിര്‍പ്പ് ഉയര്‍ത്തുമ്പോഴാണ് പ്രതിപക്ഷനേതാവിന്റെ വ്യത്യസ്ഥ നിലപാട് പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here