കല്‍പറ്റ: നാലുവര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം നവവരനായി അനീഷ്. ഗോത്രാചാര പ്രകാരം കല്യാണം കഴിഞ്ഞ് നാലു വര്‍ഷമായെങ്കിലും നാട്ടുകാര്‍ക്കു മുന്നില്‍ നവവധുവായി ഗീത. നാടും നാട്ടാരുമറിഞ്ഞ് പന്തലുകെട്ടി, സദ്യ വിളമ്പി, കല്ലൂര്‍ പണപ്പാടി കോളനിയില്‍ ഞായറാഴ്ച നടന്നത് ഊരിന്റെ പതിവുശീലങ്ങള്‍ തെറ്റിച്ച വിവാഹാഘോഷം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്‌സോ) പ്രകാരം നാലുവര്‍ഷം ജയിലില്‍ കിടന്ന അനീഷ് ജാമ്യത്തിലിറങ്ങിയ വേളയിലാണ് ആഘോഷമായി കല്യാണം നടന്നത്.

തങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരാണെന്ന് നിയമത്തിനും സമൂഹത്തിനും കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ഈ വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അനീഷ് പറഞ്ഞു. രേഖകള്‍ പ്രകാരം ഗീതക്ക് 18 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. ജയിലില്‍ പാചകക്കാരനായി ജോലി ചെയ്ത് ലഭിച്ച പണം സ്വരൂപിച്ച് വിവാഹ വിരുന്ന് നടത്തുകയായിരുന്നു ഈ 26കാരന്‍. നായ്ക്കട്ടി മറുകര കോളനിക്കാരനായ അനീഷും പണപ്പാടി കോളനിവാസിയായ ഗീതയും പ്രണയബദ്ധരായതിനെ തുടര്‍ന്ന് ആചാരപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍, വിവരമറിഞ്ഞത്തെിയ നിയമപാലകര്‍ ഈ കാട്ടുനായ്ക്ക യുവാവിനെ കോളനിയില്‍നിന്ന് പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുകയായിരുന്നു. റിമാന്‍ഡ് തടവുകാരനായി വൈത്തിരി സബ് ജയിലിലും കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമായി നാലുവര്‍ഷമാണ് അനീഷ് തടവറയില്‍ കഴിഞ്ഞത്.

ഒടുക്കം ഹൈകോടതിയില്‍നിന്ന് അഞ്ചുമാസം മുമ്പാണ് ജാമ്യം നേടിയത്. ജാമ്യക്കാരില്ലാത്തതിനാല്‍ ആഴ്ചകളോളം വീണ്ടും ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. ഭാര്യയുടെ ബന്ധുക്കളടക്കമുള്ളവരാണ് ഹൈകോടതിയെ സമീപിച്ച് ജാമ്യത്തിനായി ശ്രമം നടത്തിത്. മറുകര കോളനിയില്‍ ബാലന്റെയും പരേതയായ ലീലയുടെയും മകനാണ് അനീഷ്. കൈക്കുഞ്ഞായിരിക്കുമ്പോഴേ അമ്മ മരിച്ച ശേഷം മുത്തശ്ശിയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. വലുതായപ്പോള്‍ സഹോദരിയടക്കമുള്ള കുടുംബത്തിന്റെ അത്താണിയായിരിക്കുമ്പോഴാണ് ജയിലിലായത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടികളെ ആചാരപ്രകാരം വിവാഹം കഴിച്ചതിന് അനീഷിനെപോലെ തടവറയില്‍ കഴിയുന്ന ആദിവാസി യുവാക്കള്‍ വയനാട്ടില്‍ ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here