തിരുവനന്തപുരം:ലഡുവിതരണത്തിന്റെ പേരില്‍ പണി പോയ ലോകത്തെ ആദ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കാം കേരളത്തിന്റെ ഗതാഗത സെക്രട്ടറി ടോമിന്‍.ജെ. തച്ചങ്കരി ഐപിഎസ്. നേരത്തെ ഹെല്‍മറ്റും വിവാദ സ്ഥലംമാറ്റങ്ങളും ഉണ്ടായിരുന്നതിനാല്‍ തച്ചങ്കരിക്കെതിരേ നടപടി വേഗത്തിലായെന്നുമാത്രം. ഗതാഗത കമീഷണറായി ചുമതലേറ്റശേഷം നിരവധി പരിഷ്‌കാരങ്ങളാണ് തച്ചങ്കരി വരുത്തിയതെങ്കിലും പല നടപടികളും വിവാദമായിമാറി. സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കമീഷണറുടെ ഓരോ തീരുമാനത്തിലുമുള്ള ഗതാഗത മന്ത്രിയുടെ പ്രതികരണങ്ങള്‍ അവര്‍ക്കിടയിലെ അഭിപ്രായഭിന്നത വ്യക്തമാക്കുന്നതായിരുന്നു. ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഹെല്‍മറ്റില്ലെങ്കില്‍ ഇന്ധനം നല്‍കില്ലെന്ന തീരുമാനമായിരുന്നു ആദ്യത്തേത്.

വാര്‍ത്താസമ്മേളനം വിളിച്ച് തീയതിയടക്കം പ്രഖ്യാപിച്ചത് കമീഷണര്‍. മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ ഓഫിസ് പോലും വിവരമറിയുന്നത്.
താനുമായി ആലോചിക്കാതെയാണ് തീരുമാനമെന്നാണ് മന്ത്രി ആദ്യം പ്രതികരിച്ചത്. എന്നാല്‍ പിന്നീട് ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല, നിയമങ്ങള്‍ നടപ്പാക്കേണ്ടതെന്നാക്കി അത് മാറ്റി. സമ്മര്‍ദം ശക്തമായതോടെ ഹെല്‍മറ്റില്ലാത്തവര്‍ക്ക് ഇന്ധനമില്ലെന്ന നിലപാടില്‍നിന്ന് തച്ചങ്കരിക്ക് പിന്മാറേണ്ടിയും വന്നു. അസി.മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റമായിരുന്നു അടുത്തത്. സ്‌കൂള്‍ തുറന്ന് മൂന്നുമാസം കഴിഞ്ഞുള്ള കൂട്ട സ്ഥലംമാറ്റം ഏറെ പരാതികള്‍ക്കിടയാക്കിയിരുന്നു. പട്ടിക മരവിപ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചെങ്കിലും കമീഷണര്‍ നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് അതും മയപ്പെടുത്തി.

എന്നാല്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം നടക്കാനിരിക്കെ 247 പേരുടെ പട്ടിക ധിറുതിപിടിച്ച് പുറത്തിറക്കിയിരുന്നു.രണ്ടുവട്ടം കരട് പ്രസിദ്ധീകരിച്ച ശേഷമാണ് അന്തിമ പട്ടികയിറക്കിയതെന്നായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. ഇതിനിടെയായിരുന്നു തച്ചങ്കരിയുടെ പിറന്നാളാഘോഷ വിവാദം. ആര്‍.ടി. ഓഫിസിലേക്ക് ‘ഇന്ന് എന്റെ ജന്മദിനം’ എന്ന തലക്കെട്ടിലയച്ച ഔദ്യോഗിക കത്താണ് പ്രശ്‌നം സൃഷ്ടിച്ചത്. എല്ലാ ആര്‍.ടി. ഓഫിസിലും കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ജന്മദിനം ആഘോഷിച്ചതിലുള്ള നീരസം മന്ത്രി പരസ്യമായി തന്നെ വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മന്ത്രിയുടെ പാര്‍ട്ടിയായ എന്‍.സി.പിയും പരാതിയുമായി രംഗത്തത്തെി.

മറ്റ് വിഷയങ്ങളില്‍ തച്ചങ്കരിയെ വിശ്വാസത്തിലെടുത്തിരുന്ന മുഖ്യമന്ത്രി ജന്മദിന വിവാദത്തില്‍ കൈയൊഴിഞ്ഞെന്നാണ് വിവരം. ഐ.എ.എസ് ഉദ്യോഗസ്ഥരുടേതടക്കം വാഹനങ്ങളില്‍ കൊടിയഴിപ്പിക്കലിനുള്ള നീക്കവും ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here