പാലക്കാട്: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിക്കുകയാണെന്നറിഞ്ഞ യുവാവ് കോപാക്രാന്തനായി. ഒടുവില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്തിയശേഷമാണ് ഇയാളുടെ കലി അടങ്ങിയത്. അതു മാത്രമല്ല സ്വയം ജീവനൊടുക്കാനും യുവാവ് ശ്രമിച്ചു. കോയമ്പത്തൂര്‍ അണ്ണൂരിനു സമീപമാണ് ഓണനാളില്‍ മലയാളിയെ നടുക്കിയ സംഭവം അരങ്ങേറിയത്. പാലക്കാട് പുതുപ്പരിയാരം സ്വദേശി സോമസുന്ദരന്‍-ശാരദ ദമ്പതികളുടെ ഏകമകള്‍ ധന്യ(23)യാണ് കൊല്ലപ്പെട്ടത്. പാലക്കാട് പുത്തൂര്‍ സ്വദേശിയായ ഷക്കീറി(27) നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തമിഴ്‌നാട് പോലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
സോമസുന്ദരനും കുടുംബവും 33 വര്‍ഷമായി തെന്നംപാളയത്താണ് താമസിക്കുന്നത്. ബിഎസ്‌സിക്കുശേഷം ബെംഗളൂരുവിലെ ഐടി കമ്പിനിയില്‍ ജോലി നോക്കുകയാണ് ധന്യ. കഴിഞ്ഞാഴ്ച അണ്ണൂരിലെ ഒരു സിബിഎസ്ഇ സ്‌കൂളിലെ അധ്യാപകനായ ദിനേശുമായി, ധന്യയുടെ വിവാഹം ഉറപ്പിച്ചു. തിരുപ്പൂരില്‍ ജോലിചെയ്യുന്ന ഷക്കീര്‍ പലതവണ ധന്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ധന്യ ഇത് നിരസിച്ചു. വിവാഹം നിശ്ചയിച്ചതിലുളള വിഷമമാണ് കൊലയ്ക്കുകാരണം. മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയ സമയത്ത്, മകളുടെ സുരക്ഷയോര്‍ത്ത് പുറത്തു നിന്ന് പൂട്ടിയ വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് ധന്യയെ കുത്തുകയായിരുന്നു. വൈകീട്ട് ആറുമണിയോടെ സോമസുന്ദരനും ഭാര്യയും വന്നപ്പോഴാണ് മകള്‍ മരിച്ചുകിടക്കുന്നതു കാണുന്നത്.
പാലക്കാട്ടേക്ക് മുങ്ങിയ ഷക്കീര്‍, പോലീസ് പിന്തുടരുന്നണ്ടെന്നറിഞ്ഞ് വിഷം കഴിച്ചു. ഗുരുതരവസ്ഥയില്‍ പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത്, കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയി. കരുമത്താംപട്ടി ഡിഎസ്പി കൃഷ്ണമൂര്‍ത്തി, എസ്‌ഐ ശരവണന്‍ എന്നിവര്‍ കൊലനടന്ന സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here