കൊച്ചി:ഗോവിന്ദച്ചാമിയെപ്പോലെ അമീറും രക്ഷപെടുമോയെന്ന ആകാംക്ഷയിലാണ് മലയാളി. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടത്തിയ കേസില്‍ ആസാം സ്വദേശി അമീറുള്‍ ഇസ്ലാമിനെതിരേ നാളെ കേരള പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആശങ്കകള്‍ ഏറെയാണ്. ലൈംഗികവൈകൃത സ്വഭാവമുളള പ്രതി അമീറുള്‍ എന്ന 23 കാരന്‍ ജിഷയെ മാനംഭംഗപ്പെടുത്താനുളള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നതെനാണ് സൂചന.

അതേസമയം സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍നിന്നു തിരിച്ചടിയേറ്റ സാഹചര്യത്തില്‍ ജിഷ വധക്കേസില്‍ പഴുതുകളടച്ചു കുറ്റപത്രം തയാറാക്കാന്‍ പൊലീസ് ജാഗ്രതയിലാണ്.. ശാസ്ത്രീയ തെളിവുകള്‍ കേന്ദ്രീകരിച്ചു കുറ്റപത്രം നല്‍കാനാണ് പൊലീസ് തയാറെടുക്കുന്നത്. കൊലപാതകസമയത്തു ജിഷ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുരണ്ട ഉമിനീരില്‍നിന്ന് അമീറിന്റെ ഡിഎന്‍എ വേര്‍തിരിക്കാനായതാണു പ്രധാനനേട്ടമായി അന്വേഷണ സംഘം വിലയിരുത്തുന്നത്. കൊലപാതക സമയത്ത് ജിഷ ധരിച്ചിരുന്ന ചൂരിദാറില്‍ പുരണ്ട ഉമിനീരില്‍നിന്ന് അമീറുല്‍ ഇസ്‌ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തതാണ് ഏറ്റവും പ്രധാനം. അമീര്‍ ജിഷയെ പുറത്തു കടിച്ച പാടില്‍നിന്നാണ് ഈ ഉമിനീര്‍ ശേഖരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം സമയത്തു ശേഖരിച്ച ജിഷയുടെ നഖങ്ങളില്‍നിന്ന് അമീറുല്‍ ഇസ്‌ലാമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ജിഷയുടെ ചുരിദാറില്‍ പുരണ്ട ചോരയില്‍നിന്ന് ജിഷയുടെയും അമീറുല്‍ ഇസ്‌ലാമിന്റെയും ഡിഎന്‍എ വേര്‍തിരിക്കാന്‍ സാധിച്ചു.
ഇതുള്‍പ്പെടെ നിര്‍ണായക തെളിവാകുമെന്നാണ് പോലീസ് പ്രതീക്ഷ. അന്വേഷണത്തിന്റെ ആദ്യദിവസങ്ങളിലെ അലംഭാവത്തിന് ഏറെ പഴികേട്ടതിനാല്‍ കൃത്യതയുള്ള കുറ്റപത്രം തയാറാക്കാനാണ് ഇത്രയും സമയമെടുത്തതെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിര്‍ദേശം അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്റെ നീക്കം. തുടര്‍ച്ചയായി ഓണം ഈദ് അവധികള്‍ വന്നത് പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. കുറ്റപത്രം വായിക്കലും വിചാരണ നടപടികളും രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രില്‍ 28നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ ക്രൂരപീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 16നാണ്‍് പ്രതി അമീറുള്ളിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്.

ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിച്ചിരുന്ന പ്രതി ജിഷയെ മുമ്പേതന്നെ ശ്രദ്ധിച്ചിരുന്നു. സംഭവദിവസം വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി വീട്ടിലേക്ക് ചെന്നു. ഈ സമയം ജിഷ ചെരുപ്പെടുത്ത് അടിക്കുമെന്ന് ആംഗ്യം കാണിച്ചു. ക്രുദ്ധനായ പ്രതി ആദ്യം തിരിഞ്ഞുനടന്നശേഷം പിന്നീട് തിരികെ ചെന്ന് വീടിനുളളില്‍ ജിഷയെ കടന്നുപിടിച്ചു. ജിഷ ചെറുത്തതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദ്യം കഴുത്തിലും പിന്നീട് അടി വയറ്റിലും കുത്തി. മല്‍പിടുത്തത്തില്‍ ജിഷയുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി. മരണവെപ്രാളത്തില്‍ വെളളം ചോദിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തു. കുറച്ചുസമയം കൂടി മുറിയില്‍ നിന്ന ശേഷം ജിഷ മരിച്ചെന്ന് ഉറപ്പിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. കുത്താനുപയോഗിച്ച കത്തി വീടിന്റെ പിന്നാമ്പുറത്തേക്ക് എറിഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ സമീപത്തെ കനാലില്‍ ചെരുപ്പ് പതിഞ്ഞുപോയെന്നും കുറ്റപത്രത്തിലുണ്ട്. അമീര്‍ ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അമീറിന്റെ സുഹൃത്തായ അനാര്‍ ഉള്‍ അടക്കമുളളവരെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളില്ല. വിരലടയാളം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ ഉത്തരമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here