ആലപ്പുഴ: അയര്‍ലന്‍ഡിലെ പ്രണയത്തിന് ആലപ്പുഴയില്‍ സാഫല്യം. ആലപ്പുഴ പുന്നമടക്കായലിലെ ഒരു ഹൗസ്‌ബോട്ടില്‍ വച്ച് ചെന്നൈ ചെരവല്ലൂര്‍ സ്വദേശി ധനശേഖര്‍ എം. ബാലകൃഷ്ണനും അയര്‍ലന്‍ഡ് സ്വദേശിനി ഡെബോറ ഗാല്‍ഗണും വരണ്യമാല്യം കൈമാറുമ്പോള്‍ അത് രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആലിംഗനംപോലെയായി.

കല്യാണമണ്ഡപവും ഹോമകുണ്ഠവുമൊക്കെയായി തമിഴ് ശൈലിയിലായിരുന്നു കല്യാണ ഒരുക്കങ്ങള്‍. പൂജാദികര്‍മങ്ങള്‍ക്കായി മാളികപ്പുറം മുന്‍ മേല്‍ശാന്തി തന്നെയെത്തി. ഇന്നലെ ശുഭമൂഹൂര്‍ത്തത്തില്‍ ധനശേഖര്‍ ഡെബോറയുടെ കഴുത്തില്‍ അഗ്‌നിസാക്ഷിയായി മിന്നുകെട്ടി. ധനശേഖറിന്റെ വീട്ടുകാര്‍ക്ക് ആലപ്പുഴയോടുള്ള ഇഷ്ടമാണ് കല്യാണവേദിയായി ആലപ്പുഴ തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.

ഒപ്പം വേറിട്ട ഒരു കല്യാണം നടത്തണമെന്ന മോഹവും.ധനശേഖറിന്റെ സഹോദരി മുമ്പ് ആലപ്പുഴയിലെത്തി ഹൗസ്‌ബോട്ടിലെത്തി യാത്ര നടത്തിയിരുന്നു. അവരാണ് ഹൗസ്‌ബോട്ടിലെ കല്യാണമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നതും. ധനശേഖറും ഡെബോറയും ആദ്യമായാണ് ആലപ്പുഴയിലെത്തുന്നതും ഹൗസ്‌ബോട്ട് യാത്ര നടത്തുന്നതും.
നേരത്തെ നാട്ടില്‍ ആചാരപ്രകാരമുള്ള കല്യാണം നടത്തിയിരുന്നു. ഹൗസ്‌ബോട്ടില്‍ രണ്ടാമതൊരു ചടങ്ങു കൂടി നടത്തിയെന്നുമാത്രം. മൂന്നുദിവസം മുന്നേ ഇരുവരുടെയും കുടുംബങ്ങളും കേരളത്തിലെത്തിയിരുന്നു. ബന്ധുക്കളടക്കം എണ്‍പതോളം പേരാണ് കല്യാണത്തിനെത്തിയത്. ഇവര്‍ക്കായി ഒന്നിലധികം ഹൗസ്‌ബോട്ടുകളും ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here