തിരുവനന്തപുരം: കേരളത്തെ നടുക്കു തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. എ.ടി.എം വഴിയും നെറ്റ് ബാങ്കിങ് വഴിയുമുള്ള തട്ടിപ്പിലൂടെ രണ്ടുപേര്‍ക്കായി ഒരുലക്ഷത്തിലധികം രൂപ നഷ്ടമായി. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി വിനീതിന് 49,213 രൂപയും പേരൂര്‍ക്കട ഇന്ദിരാനഗര്‍ സ്വദേശിയും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നയാളുമായ അരവിന്ദന് 52,500 രൂപയുമാണ് നഷ്ടമായത്. കുറച്ചു ദിവസം മുമ്പ് പട്ടം മരപ്പാലം സ്വദേശിനി അധ്യപികയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50,000 രൂപ ചൈനയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഇതിന്റെ അന്വഷണം നടക്കവെയാണ് അടുത്ത തട്ടിപ്പ്.

കനറാബാങ്കിന്റെ മെഡിക്കല്‍ കോളജ് ശാഖയിലുള്ള വിനീതിന്റെ അക്കൗണ്ടില്‍നിന്ന് 11 തവണകളായാണ് പണം നഷ്ടമായത്. കഴിഞ്ഞ 11ന് വിനീത് ഡി.ടി.എച്ച് വരിസംഖ്യ പേ ടി.എം വഴി ഓണ്‍ലൈനായി അടച്ചിരുന്നു. 15ന് രാവിലെ മുതല്‍ക്കാണ് പണം പിന്‍വലിച്ചതിന്റെ സന്ദേശം എസ്.എം.എസ് ആയി ലഭിച്ചത്. തുടര്‍ന്ന് വിനീത് ബാങ്കുമായി ബന്ധപ്പെടുകയും എ.ടി.എം ബ്‌ളോക് ചെയ്യുകയും ചെയ്തു. നോയിഡയില്‍നിന്നാണ് പണം പിന്‍വലിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി വിനീത് പറഞ്ഞു. പണം നഷ്ടമായതിനത്തെുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത് സംബന്ധിച്ച് ബാങ്ക് അധികൃതരും പരിശോധിക്കുന്നുണ്ട്. സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ വിനീത് ഓണ്‍ ലൈന്‍ ഇടപാട് നടത്തിയ കമ്പ്യൂട്ടര്‍ പരിശോധിക്കും.

പേരൂര്‍ക്കട ഇന്ദിരനഗര്‍ സ്വദേശി അരവിന്ദന്റെ പട്ടം ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചെന്ന് അദ്ദേഹം പേരൂര്‍ക്കട പൊലീസിനെ അറിയിച്ചു. അഞ്ചുതവണയായി പണം പിന്‍വലിച്ചതായാണ് സന്ദേശം ലഭിച്ചത്. 52,500 രൂപ നഷ്ടമായതായാണ് അറിയിച്ചിട്ടുള്ളത്. വിവിധ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിച്ചെന്ന സന്ദേശം ലഭിച്ച അരവിന്ദന് ബാങ്ക് അവധിയായതിനാല്‍ പരാതി നല്‍കാനായിട്ടില്ല. സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി ഇമെയിലായി അയക്കാന്‍ പേരൂര്‍ക്കട പൊലീസ് അരവിന്ദനോട് നിര്‍ദേശിച്ചു.
എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ് പറയുമ്പോഴും അക്കൗണ്ടുകളില്‍നിന്ന് ഏതുനിമിഷവും പണം പോകാവുന്നതിന്റെ ഞെട്ടലിലാണ് ഇടപാടുകാര്‍.
രാവിലെ എട്ടിനും എട്ടരയ്ക്കുമിടയില്‍ പതിനൊന്നു തവണകളിലായിട്ടാണു വിനീതിന്റെ അക്കൗണ്ടിലെ പണം കവര്‍ന്നത്. 49,444 രൂപയായിരുന്നു അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ആദ്യം 9749 രൂപയും തുടര്‍ന്ന് ഒന്‍പതിനായിരം, അയ്യായിരം എന്നീ ക്രമത്തിലും പണം നഷ്ടമായി. മൊബൈല്‍ ഫോണില്‍ പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉടനെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നോയിഡയില്‍ നിന്നാണു പണം പിന്‍വലിച്ചിരിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ടിനു സ്വകാര്യ ഡിടിഎച്ച് സര്‍വീസ് റീചാര്‍ജ് ചെയ്യാന്‍ ഇയാള്‍ 2500 രൂപയുടെ ഓണ്‍ലൈന്‍ ഇടപാടു നടത്തിയിരുന്നു. നെറ്റ്ബാങ്കിങ് ഇടപാടുവഴി പിന്‍നമ്പര്‍ ചോര്‍ത്തി തട്ടിപ്പു നടത്തിയതാകാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

അടിക്കടി നെറ്റ് ബാങ്കിങ് ഇടപാടു നടത്തുന്ന ഇദ്ദേഹം ഏതെങ്കിലും വ്യാജ സൈറ്റുകളുടെ തട്ടിപ്പില്‍ പെട്ടതാകാനും സാധ്യതയുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പതിവായി വിനീത് എടിഎം ഇടപാടു നടത്തുന്നതു മുറിഞ്ഞപാലം ജംക്ഷനിലെ എടിഎം കൗണ്ടറില്‍ നിന്നാണ്. ഇവിടെ പരിശോധന നടത്താന്‍ ആദ്യം നീക്കമുണ്ടായിരുന്നെങ്കിലും നെറ്റ്ബാങ്കിങ് തട്ടിപ്പാണെന്നു ബാങ്ക് അധികൃതര്‍ വിവരം നല്‍കിയതോടെ പൊലീസ് ഇത് ഒഴിവാക്കുകയായിരുന്നു. ബാങ്ക് അവധിയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ഇന്ന് ഉച്ചയോടെ ബാങ്കിങ് സൈബര്‍ വിങ്ങിന്റെ സഹായത്തോടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
പ്രവാസിയുടെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടമായ സംഭവത്തില്‍ ഫോണിലൂടെയുള്ള പരാതി മാത്രമുള്ളതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. ആക്‌സിസ് ബാങ്കിന്റെ പട്ടം ശാഖയിലാണു പ്രവാസിയായ അരവിന്ദിന്റെ അക്കൗണ്ട്. ഇന്നലെ രാവിലെ എട്ടിന് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് അഞ്ചു തവണകളിലായിട്ടാണു പണം നഷ്ടമായത്.

ദിവസങ്ങള്‍ക്കു മുന്‍പാണു കരമന നീറമണ്‍കര എന്‍എസ്എസ് കോളജ് അധ്യാപിക പി. അശ്വതിയുടെ അക്കൗണ്ടില്‍ നിന്ന് 56,000 രൂപ നഷ്ടമായത്. അന്വേഷണത്തില്‍ പട്ടം മരപ്പാലം ശാഖയിലെ അക്കൗണ്ടില്‍ നിന്നു പലതവണകളിലായി ചൈനയില്‍ നിന്നു പണം പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവിധ ബാങ്കുകളുടെ ശാഖയില്‍ നിന്നാണു മൂന്നു സംഭവങ്ങളിലായി പണം നഷ്ടപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here