കൊച്ചി: കോളിളക്കം പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണസംഘം 1,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അമീര്‍ ഉള്‍ ഇസ്‌ലാമാണ് കേസിലെ ഏകപ്രതി. കൊലപാതകം, മാനഭംഗം, ദലിത് പീഡനം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. അമീര്‍ ഉള്‍ ഇസ്‌ലാം ലൈംഗീക വൈകൃതമുള്ള ആളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. തെളിവായി 125 രേഖകളും ,195 സാക്ഷിമൊഴികളും, നാല് ഡിഎന്‍എ പരിശോധനാ ഫലങ്ങളും സംഘം സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയെല്ലാം കോടതിയില്‍ കാണാമെന്ന വിശ്വാസത്തിലാണ് മലയാളി.
പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ടിനോട് ചേര്‍ന്ന് അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടിട്ട് നാലരമാസം പിന്നിട്ടു. കഴിഞ്ഞ ഏപ്രില്‍ 28 നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. ഡല്‍ഹിയില്‍നിര്‍ഭയയുടേതിന് സമാനമായി മാനഭംഗത്തിന് ശേഷം ജനനേന്ദ്രിയത്തിലും മാരകമായി മുറിവേല്‍പ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയനേതൃത്വത്തിനെയും വിവാദച്ചുഴിയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്കൊടുവിലാണ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം എന്ന അസംകാരന്‍ പിടിയിലായത്. കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്കെതിരെ കൊലപാതകം,മാനഭംഗം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പീഡനത്തെ എതിര്‍ത്തതിലുള്ള വിരോധത്തിലാണ് കൊലനടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്.
കൊലപാതകത്തിന് പ്രേരണ നല്‍കിയതായി അമീര്‍ ആരോപിച്ച അനാറുള്‍ ഇസ്ലാമിന്റെ പേര് കുറ്റപത്രത്തിലില്ലെന്നാണ് സൂചന. പ്രതി അറസ്റ്റിലായിട്ട് 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ നിയമപരമായി സോപാധിക ജാമ്യത്തിന് അര്‍ഹനാകും. കേസ് അന്വേഷണത്തിന്റെ ഭാഗമായി 30 േപരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 23 പേരുടെ ഡിഎന്‍എ സാംപിള്‍ പരിശോധിച്ചു. 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോണ്‍കോളുകളും 5000 പേരുടെ വിരലടയാളവും പൊലീസ് പരിശോധിച്ചിരുന്നു. പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെതിരെ ശാസ്ത്രിയ തെളിവുകളിലൂന്നിയാണ് കുറ്റപത്രം തയാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here