കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വന്ന വാര്‍ത്തകളെല്ലാം ലേഖകരുടെ ഭാവനാസൃഷ്ടിയായിരുന്നുവെന്ന് പോലീസ്. ഇക്കാര്യങ്ങളിലെല്ലാം മൗനം അവലംബിച്ചിരുന്ന പോലീസ് ഒടുവില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാകട്ടെ നിരവധി പൊരുത്തക്കേടുകളോടെയും. പ്രതിയുടെ ലൈംഗികാഭിനിവേശമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്. പ്രതിയ്ക്ക് ജിഷയുമായി മുന്‍പരിചയമില്ലെന്നും പറയുന്നു. അതേസമയം അമീര്‍ സ്ഥിരമായി ജിഷയെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് ജിഷയുടെ അമ്മ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞത്. കൊലപാതകത്തിന്റെ തലേദിവസവും അമീര്‍ വീട്ടിലെത്തിയിരുന്നെന്നും അമ്മ രാജേശ്വരി കഴിഞ്ഞദിവസം പറഞ്ഞു.
എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്ത സമയത്ത് ജിഷയുടെ അമ്മയും സഹോദരിയുടെയും പറഞ്ഞിരുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അമീറുമായി യാതൊരു മുന്‍പരിചയവും ഇല്ലെന്നായിരുന്നു അന്ന് രാജേശ്വരിയും ജിഷയുടെ സഹോദരി ദീപയും പറഞ്ഞിരുന്നത്. ജിഷയുടെ അമ്മയുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങളും പോലീസിന്റെ കുറ്റപത്രത്തിലെ നിരവധി പഴുതുകളും കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ഏതുതരത്തില്‍ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.

അതേസമയം വിവാദമായ സൗമ്യ കേസിലെ വിധി ഇതിനും ഉണ്ടാകുമെന്ന് ആശങ്കയും ഇതിനൊടകം ഉയര്‍ന്നുകഴിഞ്ഞു. പ്രതിയുടെ ഉദ്ദേശ്യം കൊലപാതകമാണെന്ന് വ്യക്തമായി തെളിയിക്കാന്‍ കഴിയാത്തിടത്തോളം, ജീവപര്യന്തത്തിന് അപ്പുറമുള്ള ശിക്ഷ ജിഷ കേസിലെ പ്രതിക്കും പ്രതീക്ഷിക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് നിയമവൃത്തങ്ങളിലുള്ളത്. തൃശൂര്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതിക്ക് അത്രപോലും ശിക്ഷ പ്രതീക്ഷിക്കേണ്ടതില്ലെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും ജനരോഷത്തിന് കാരണമാവുകയും ചെയ്തതാണ് ഈ മൂന്ന് കേസുകളും. സൗമ്യ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വിധിച്ച വധശിക്ഷ സുപ്രീംകോടതിയിലത്തെിയപ്പോള്‍ റദ്ദാക്കുകയും ബലാത്സംഗത്തിന് ജീവപര്യന്തവും മറ്റ് കുറ്റങ്ങള്‍ക്ക് ഏഴുവര്‍ഷം തടവും വിധിക്കുകയുമായിരുന്നു. ഇത് പൊതുസമൂഹത്തില്‍ ഏറെ വിമര്‍ശത്തിന് ഇടയാക്കിയെങ്കിലും നിയമപരമായി കോടതിക്ക് മറ്റൊന്നും ചെയ്യാനാകില്ലെന്ന വിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here