തൊടുപുഴ: ഫേസ്ബുക്കിലൂടെ സമരം ചെയ്യാം. അതും കേരളത്തിലെ ഏറ്റവും അവികസിതമേഖലകളിലൊന്നായ അടിമാലിയില്‍. ഇവിടുത്തെ താലൂക്ക് ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് കൂട്ടായ്മ നടത്തിയ തിരിതെളിക്കല്‍ സമരവും ഒപ്പുശേഖരണവും ശ്രദ്ധേയമായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെ നടത്തിയ സമരത്തില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു.
പങ്കെടുക്കാനെത്തിയവരില്‍നിന്ന, ഒപ്പുകള്‍ ശേഖരിച്ചു. സ്വകാര്യ ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ മുതല്‍ കല്ലാര്‍കുട്ടി റോഡിലും ആളുകള്‍ തിരികള്‍ തെളിച്ചു പാതയോരത്തു നിശബ്ദരായി സമരത്തില്‍ അണിനിരന്നു. ജില്ലയിലെ നാലിലൊന്നു വരുന്ന നാലു ലക്ഷത്തോളം ആളുകള്‍ക്ക് ആശ്രയമായ അടിമാലി താലൂക്ക് ആശുപത്രിയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളുടെ കുറവു മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നുണ്ട്. കൊച്ചിധനുഷ്‌കോടി ദേശീയപാതയിലെ 118 കിലോമീറ്ററിനുള്ളിലുള്ള പ്രധാന സര്‍ക്കാര്‍ ആശുപത്രിയെന്ന പരിഗണന അടിമാലിക്കു നല്‍കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. ആരോഗ്യവകുപ്പു മന്ത്രി, മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ക്കെല്ലാം ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്നലെ സമാഹരിച്ച ജനങ്ങളുടെ ഒപ്പുകള്‍ ചേര്‍ത്ത് ബന്ധപ്പെട്ട തലങ്ങളില്‍ ഭീമഹര്‍ജിയും നല്‍കുമെന്നും പ്രശ്‌നപരിഹാരം അടിയന്തരമായി കണ്ടില്ലെങ്കില്‍ നിരാഹാര സമരം വരെ സംഘടിപ്പിക്കുമെന്നും ഫെയ്‌സ്്ബുക്ക് കൂട്ടായ്മയുടെ സംഘാടകരായ രാഗേഷ് റോയി, ആനന്ദ് പോള്‍, വിഷ്ണു തങ്കച്ചന്‍, അനീഷ് കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here