കോട്ടയം: ‘ഞാനൊരു കള്ളനാണ്. ദയവായി ശപിക്കരുത്. നിവൃത്തികേടുകൊണ്ട് നിങ്ങളുടെ കുറച്ചുപൈസ എടുക്കുന്നു….ക്ഷമിക്കണം!’ഓണാവധിക്ക് വീടുപൂട്ടി കുടുംബസമേതം വിനോദയാത്ര പോയവര്‍ തിരിച്ചുവന്നപ്പോള്‍ സ്വീകരണമുറിയിലെ മേശപ്പുറത്തിരുന്ന കുറിപ്പാണിത്. അങ്കലാപ്പിലായ വീട്ടുകാര്‍ അലമാര തുറന്നുനോക്കിയപ്പോള്‍ കള്ളന്റെ ആത്മാര്‍ത്ഥത ശരിക്കും ബോദ്ധ്യപ്പെട്ടു. പണം മാത്രമല്ല, സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു… അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട്ടിലാണ് വേറിട്ടശൈലിയിലൊരു മോഷണം അരങ്ങേറിയത്. ഉള്ളുരുകി എഴുതിയകുറിപ്പും അവ്യക്തമായൊരു വിരലടയാളവും മാത്രം അവശേഷിപ്പിച്ച് കടന്നുകളഞ്ഞ കള്ളന്‍ പൊലീസിന്റെ അതിസമര്‍ത്ഥമായ കുറ്റാന്വേഷണമികവിനാല്‍ പിടിക്കപ്പെട്ടതോടെ സംസ്ഥാനത്തെ തസ്‌കരചരിത്രത്തില്‍ പുതിയൊരദ്ധ്യായത്തിന്റെ ചുരുളഴിയുകയായിരുന്നു.
പൊലീസ് പറയുന്നത്: പേര് ടി.എസ് സെല്‍വകുമാര്‍ (41). സുരേഷ് എന്നും വിളിപ്പേരുണ്ട്. തൊടുപുഴയ്ക്കടുത്ത് കോലാനി പാറക്കടവ് ഭാഗത്ത് പഴയലക്ഷംവീടു കോളനിയിലെ തൃക്കയില്‍ ആണ് തറവാട്. 9 വയസുവരെയുള്ള ബാല്യകാലം കോട്ടയം കുമാരനല്ലൂരിലായിരുന്നു. മാതാപിതാക്കളും നാലു സഹോദരിമാരുമുണ്ട്. അവിവാഹിതന്‍. ഇരുപതാം വയസില്‍ ‘തൊഴില്‍രംഗത്ത്’ പ്രശോഭിച്ചുതുടങ്ങി. നിരവധി തവണപിടിക്കപ്പെട്ടു. വിയ്യൂര്‍, കാക്കനാട്, പൂജപ്പുര തുടങ്ങിയ ജയിലുകളില്‍ 9 വര്‍ഷത്തോളം ശിക്ഷയനുഭവിച്ചിട്ടുണ്ട്. എത്രതവണ ശിക്ഷിച്ചാലും സെല്‍വകുമാറിലെ തരസ്‌കരവീരന്‍ പതിന്മടങ്ങ് ശക്തനാകുകയായിരുന്നു. സ്വര്‍ണവും പണവുമുള്‍പ്പടെ മോഷ്ടിച്ചെടുത്ത് ആഡംബര ജീവിതം നയിക്കും. സ്ഥിരമായി ഒരിടത്തും താമസിക്കില്ല. രാപകല്‍ ഭേദമില്ലാതെ യാത്രചെയ്ത് ആളില്ലാത്ത വീടുകള്‍ കണ്ടെത്തും. മീശമാധവന്‍ എന്തെങ്കിലുമൊന്നില്‍ നോട്ടമിട്ട് മീശപിരിച്ചാല്‍ അത് പൊക്കിയിരിക്കുമെന്ന് പറഞ്ഞതുപോലെ സെല്‍വകുമാറിനുമുണ്ടൊരു നിശ്ചയദാര്‍ഢ്യം. കയറണമെന്ന് തീരുമാനിച്ചാല്‍ ഏതുവീട്ടിലും കയറിയിരിക്കും.

പലതവണ ജയിലില്‍കിടന്നിട്ടും നിരവധി മോഷ്ടാക്കളെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടും ഒരാളെപ്പോലും കൂടെകൂട്ടാന്‍ ഇന്നേവരെ ശ്രമിച്ചിട്ടില്ല. കൂട്ടാളിയുണ്ടായാല്‍ റിസ്‌ക് കൂടും. എപ്പോഴെങ്കിലും തമ്മില്‍ കലഹിച്ചാല്‍ എല്ലാം പൊളിയും. അതുകൊണ്ട് ഏകാന്തത കൂടുതല്‍ സുരക്ഷിതമെന്ന് മനസിലാക്കി. മോഷ്ടിച്ചെടുക്കുന്ന പണംകൊണ്ട് അടിച്ചുപൊളിച്ചുജീവിക്കും. 100 രൂപയുടെ സാധനത്തിന് ചിലപ്പോള്‍ ആയിരങ്ങള്‍ എടുത്ത് വീശിയെന്നിരിക്കും. ലൈംഗികതൊഴിലാളികളായ സ്ത്രീകളുമായി ഇടപാടുകളുണ്ട്. ഇഷ്ടപ്പെട്ടാല്‍ അവര്‍ക്കും കൊടുക്കും ആയിരങ്ങള്‍. കീശകാലിയാകുന്ന മുറയ്ക്ക് അടുത്തമോഷണം നടത്തും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെമാത്രം അഞ്ചിലേറെ മോഷണങ്ങളിലായി അന്‍പത് ലക്ഷത്തിലധികം രൂപ സമ്പാദിക്കുകയും ആര്‍ഭാടമായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതുകൂടി കഴിഞ്ഞാലേ സെല്‍വകുമാറിന്റെ വിശ്വരൂപം വ്യക്തമാകുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here