എടത്വ: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച എടത്വ വെട്ടുപറമ്പില്‍ തോമസ് ജോര്‍ജിന്റെ മകന്‍ ഡോ. ടിനു തോമസിന്റെ (28) മൃതദേഹം 29നു നാട്ടിലെത്തിക്കും.
ഒക്ടോബര്‍ ഒന്നിനു മൂന്നു മണിക്ക് ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പളളിയില്‍ സംസ്‌കാരം നടത്താനാണു തീരുമാനം. കഴിഞ്ഞ 14നു രാത്രിയില്‍ വീട്ടില്‍ നിന്നു പുറത്തുപോയ ടിനുവിനെ 16നു വീടിന് ഒരു കിലോമീറ്റര്‍ മാറി സ്വന്തം കാറില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. മരണകാരണത്തെപ്പറ്റി ഇപ്പോഴും വ്യക്തമായ സൂചനകളില്ല.
അന്വേഷണം നടക്കുന്നതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കുകയില്ലെന്നു മാത്രമാണു പോലീസ് വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. മുപ്പതു വര്‍ഷമായി വിദേശത്തു ജോലി ചെയ്യുന്ന തോമസ് ജോര്‍ജിന് ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു ജോലി. അവിടെ ജനിച്ച ടിനു ഒന്‍പതാം ക്ലാസ് വരെ പഠിച്ചതും ദക്ഷിണാഫ്രിക്കയിലായിരുന്നു. ഓസ്‌ട്രേലിയയില്‍ ബിഡിഎസ് ബിരുദം നേടിയ ടിനു, നാലു വര്‍ഷം മുന്‍പു ടോട്ടല്‍ കെയര്‍ ആശുപത്രിയില്‍ ഡെന്റല്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. അടുത്ത ഡിസംബറില്‍ നാട്ടില്‍ വരാനിരിക്കെയായിരുന്നു അത്യാഹിതം. കൊട്ടാരക്കര പുത്തന്‍ ബംഗ്ലാവില്‍ ആനിയാണു അമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here