പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് നാലുമാസം തികയുമ്പോൾ വിവാദങ്ങളുടെ സഹയാത്രികനാകുകയാണ് പിണറായിയുടെ സഹയാത്രികനായ ഇ.പി.ജയരാജൻ.ബന്ധുത്വ വിവാദത്തിന്റെ അടിസ്ഥാനത്തിൽ ജയരാജന് ശക്തമായ താക്കീതു നൽകാനുള്ള സാധ്യത ഉണ്ട്.സ്വജനനിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി രംഗത്തു വന്നതിനു പിന്നിൽ വ്യവസായ വകുപ്പു ഭരണത്തിൽ ഇ പി ജയരാജൻറെ നിഷ്‌ക്രിയത്വത്തിലും അലസതയിലുള്ള അതൃപ്തിയും. നാലു മാസം പിന്നിട്ടിട്ടും മന്ത്രിസഭയിലെ രണ്ടാമനും പിണറായിയുടെ ഏറ്റവും വിശ്വസ്തനുമായി കരുതപ്പെടുന്ന ഇ പി ജയരാജന് വകുപ്പിൽ ഒരു സംഭാവനയും നൽകാൻ കഴിയാത്തത് മുഖ്യമന്ത്രിയെ കടുത്ത അമർഷത്തിലാക്കിയതായാണ് വിവരം. ഇക്കാര്യം അദ്ദേഹം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നാണ് അറിയുന്നത്.

പക്ഷെ നാലുമാസത്തെ ജയരാജെനറെ വ്യവസായ വകുപ്പിന്റെ ഭരണം വെറും ബഡായി മാത്രമായിരുന്നുവെന്ന് വിദഗ്ധർ കുണ്ടിക്കാണിക്കുന്നു .ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്ന ലക്ഷ്യങ്ങൾ മുൻഗണനാക്രമത്തിൽ നടപ്പാക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കണമെന്ന് ഓരോ വകുപ്പിനും നിർദ്ദേശം നൽകിയിരുന്നു. അതനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടത് എന്നായിരുന്നു എൽഡിഎഫിലെ പൊതുധാരണ. ഏറെക്കുറെ എല്ലാവകുപ്പുകളും ഈ കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ നൂറാം ദിവസം പ്രമാണിച്ചു പ്രസിദ്ധീകരിച്ച പിആർഡി പ്രസിദ്ധീകരണമായ ജനപഥം ഈ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരിയായ തുടക്കം, ശരിയായ ലക്ഷ്യം എന്നീ തലക്കെട്ടുകൾക്കു കീഴെ ഓരോ വകുപ്പുകളും തുടങ്ങിയതും ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങൾ വിവരിക്കുന്നു.

അതിൽ വ്യവസായ മന്ത്രിയുടെ അവകാശവാദം ഇതായിരുന്നു
“പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി മാനേജ്മെന്റിൽ പ്രാവീണ്യമുളളവരെ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കും”.
ഈ തുടക്കമാണ് മന്ത്രിയുടെ സ്ഥാനചലനത്തിലേയ്ക്കു വരെ എത്താവുന്ന തരത്തിലുള്ള വിവാദമായി വളർന്നതും അഴിമതിക്കേസിലേയ്ക്കെത്തിയതും.

വ്യവസായം, പരമ്പരാഗത വ്യവസായം, കായികം എന്നീ വകുപ്പുകളിൽ കേവലം ഏഴു കാര്യങ്ങളാണ് വകുപ്പിൽ തുടങ്ങിവെച്ചതായി മന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.ആധുനിക വ്യവസായം, നിർമ്മാണ മേഖല, വാണിജ്യമേഖല, പൊതുമേഖലാ വ്യവസായങ്ങൾ, വിവര വിനിമയ സാങ്കേതിക വ്യവസായം, ജൈവ സാങ്കേതിക വ്യവസായം, നാനോ സാങ്കേതിക വ്യവസായം തുടങ്ങിയ തലക്കെട്ടുകളിൽ വിപുലമായ വാഗ്ദാനങ്ങളാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക വ്യവസായ മേഖലയിൽ മുന്നോട്ടു വെയ്ക്കുന്നത്. പുതിയ തലമുറയെ ലക്ഷ്യമിട്ടോ, പഴയ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനോ യാതൊരു മുൻകൈയും വ്യവസായമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നതിന് മന്ത്രി പുറത്തിറക്കിയ അവകാശപ്പട്ടിക തന്നെയാണ് തെളിവ്.

എൽഡിഎഫ് നയത്തിലൂന്നി നിന്ന് കരിമണൽ ഖനനം, നിക്ഷേപനയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണം തുടങ്ങിയ കാര്യങ്ങളിലൊന്നിലും വകുപ്പിന് ദിശാബോധം നൽകുന്ന മുൻകൈ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സ്കിൽ ഡെവലപ്പ്മെന്റ്, കരിയർ ഗൈഡൻസ് എന്നിവ വഴി പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് വ്യവസായ മേഖലയിൽ ഇടതുമുന്നണി കേരളത്തിനു വാഗ്ദാനം ചെയ്തത്.
സ്വന്തം ലാഭത്തിൽ നിന്ന് വിപുലീകരണത്തിനുള്ള മൂലധനം സമാഹരിക്കാനുളള പ്രാപ്തിയിലേയ്ക്ക് മൂന്നു വർഷത്തിനകം പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർത്തുമെന്നാണ് പ്രധാനപ്പെട്ട ഒരു വാഗ്ദാനം. ഇതടക്കം നഷ്ടത്തിലായ സ്ഥാപനങ്ങളുടെ പുനഃസംഘടന സംബന്ധിച്ച് ഭാവനാപൂർണമായ ഒരു നിർദ്ദേശവും നാലു മാസത്തിനുള്ളിൽ മന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായിട്ടില്ല.

മലബാർ സിമെന്റ്സിലെ ഉത്പാദനം ഇരട്ടിയാക്കും എന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാൽ അവിടെ ഉൽപാദനം നിലച്ചിട്ട് മാസം ഒന്നു കഴിയുന്നു. അസംസ്കൃത വസ്തുക്കളുടെ ദൌർലഭ്യമാണ് ഉത്പാദനം നിലച്ചതിന്റെ കാരണം. ഇതൊക്കെ മുൻകൂട്ടി അറിയാമായിരുന്ന വിവരങ്ങളാണ്. എന്നിട്ടും ഉത്പാദനം നിലയ്ക്കുന്ന വിധത്തിൽ പ്ലാന്റ് അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ മന്ത്രിയ്ക്കു കഴിഞ്ഞില്ല.
പ്രതിദിനം 2000 ടൺ സിമെന്റാണ് വാളയാറിലെ മലബാർ സിമെന്റ് ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്നത്. ഇത് 3000 ടൺ ആക്കുന്നതിനാണ് ചേർത്തലയിൽ ഒരു പ്ലാന്റു കൂടി ആരംഭിച്ചത്. ചേർത്തലയിലെ പ്ലാന്റിൽ നിലവിൽ 500 ടൺ ഉത്പാദന ശേഷിയുണ്ടെങ്കിലും 200 ടൺ മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ.

മന്ത്രിയുടെ ചടുലമായ ഇടപെടലിന്റെ ഭാഗമായി പരിഹരിക്കേണ്ട ഇത്തരത്തിൽ നൂറു കണക്കിന് പ്രശ്നങ്ങൾ വ്യവസായ വകുപ്പിലുണ്ട്. എന്നാൽ ഒരു സ്ഥലത്തും മന്ത്രിയുടെ സാന്നിധ്യം ഇതേവരെ പ്രകടമായിട്ടില്ല. ചില കാര്യങ്ങളിൽ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെടേണ്ടി വരുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിയതിനൊപ്പമാണ് നിയമന വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതും കൂടിയായപ്പോഴേയ്ക്കും പിണറായി ആകെ രോഷാകുലനായെന്നാണ് വിവരം.

വകുപ്പു ഭരണം എന്ന ചുമതല കാര്യക്ഷമമായി നിർവഹിക്കാതെ, സംഘടനയെ നോക്കുകുത്തിയാക്കി മുന്നോട്ടു പോകാനുള്ള ഇ പി ജയരാജന്റെ പോക്കിനു തടയിടണമെന്ന് സിപിഎമ്മിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിനാവശ്യമായ തീരുമാനം പതിനാലിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here