കണ്ണൂരിലെ പിണറായിയിൽ വെട്ടേറ്റു മരിച്ച രമിത്തിന്റെ പിതാവ് ഉത്തമനും കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘട്ടനത്തിൽ തന്നെ. ആർഎസ്എസ് നേതാവായിരുന്നു ഉത്തമൻ 2002 മെയ് 22ന് രാത്രി ഇരിട്ടി കീഴൂർ സ്‌കൂളിനടുത്തുവച്ചാണ് കൊല്ലപ്പെടുന്നത്. തലശേരി മേഖലയിൽ ബിജെപി-സിപിഐഎം സംഘർഷം നിലനിൽക്കുന്ന കാലമായിരുന്നു അത്. നേരത്തെ സിപിഐഎം പ്രവർത്തകർക്കുനേരെ ഉണ്ടായ വിവിധ അക്രമങ്ങൾക്കു പിറകിൽ ഉത്തമനാണെന്ന് സിപിഐഎം ആരോപിക്കുകയും ചെയ്തിരുന്നു.ഡ്രൈവറായിരുന്ന ഉത്തമനെ ബസ് ഓടിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത് . തലശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന് നേരെ ബോംബെറിഞ്ഞ ശേഷമായിരുന്ന കൊല നടത്തിയത്.

ഉത്തമന്റെ സംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നവർ സഞ്ചരിച്ച ജീപ്പിനുനേരെ തില്ലങ്കേരിയിൽ വച്ച് ബോംബേറുണ്ടായി. ആക്രമണത്തിൽ ജീപ്പ് ഡ്രൈവർ ശിഹാബ്, യാത്രക്കാരിയായിരുന്ന കരിയിൽ അമ്മുവമ്മ എന്നിവർ കൊല്ലപ്പെട്ടു.
ഉത്തമൻ വധക്കേസിൽ സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. രാഷ്ട്രീയവിരോധം കാരണം പ്രതികൾ ഉത്തമനെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്. 22 പ്രതികൾ ആയിരുന്നു കേസിൽ ഉണ്ടായിരുന്നത്. എന്നാൽ ക്രിമിനൽ നടപടി ചട്ടം 232 വകുപ്പ് പ്രകാരം 17 പ്രതികളെ വിചാരണവേളയിൽ തന്നെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ ശ്രീധരൻ, ഇരിട്ടി ഏരിയാ കമ്മിറ്റിയംഗം പിപി ഉസ്മാൻ മുതലായ നേതാക്കൾ വെറുതെവിട്ടവരിൽ ഉൾപ്പെട്ടിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന സിപിഐഎം വാദത്തിന് ശക്തിപകരുന്നതായിരുന്നു ഇത്. സിപിഐഎം പ്രവർത്തകരായ മറ്റു പ്രതികളെയും പിന്നീട് കോടതി വെറുതെവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here