എല്ലാ ശൗചാലയമെന്ന ലക്ഷ്യം കരസ്ഥമാക്കി കേരളം. സംസ്ഥാനതല പ്രഖ്യാപനം നവംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വെച്ച് നടത്തും. തൃശൂര്‍ ജില്ലയാണ് സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ 86 പഞ്ചായത്തുകളിലെയും നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം 26നാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയും ശേഷം കോഴിക്കോട് ജില്ലയും സമ്പൂര്‍ണ പ്രഖ്യാപനം നടത്തി.narendra-modi

പദ്ധതിയുടെ ഭാഗമായി 941 പഞ്ചായത്തുകളിലായി 174720 ശുചിമുറികളാണ് സംസ്ഥാനത്തൊട്ടാകെ നിര്‍മിച്ചത്. ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അവസാനം നിര്‍മാണം പൂര്‍ത്തിയായത്. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ ജില്ലകളിലേയും എല്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് ജില്ലാതല പ്രഖ്യാപനം നടന്നത്.

പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ ഒ.ഡി.എഫ്) പ്രദേശമാക്കി മാറ്റാനുള്ള സ്വച്ഛ്ഭാരത് മിഷന്റെ ലക്ഷ്യം കൈവരിക്കാനാണ് ശൗചാലയമില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അവ നിര്‍മിച്ചു നല്‍കിയത്. നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് അടിയന്തര പ്രാധാന്യം നല്‍കി ശൗചാലയ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജലനിധി പദ്ധതിയുടെ ഭാഗമായി കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ ശുചിമുറി നിര്‍മാണത്തില്‍ ജലനിധിയും പങ്കുചേര്‍ന്നിട്ടുണ്ട്.

15,400 രൂപയാണ് ഒരു ശൗചാലയം നിര്‍മിക്കുന്നതിന് നല്‍കുന്നത്. 12,000രൂപ കേന്ദ്രസര്‍ക്കാറും 3,400 രൂപ തദ്ദേശ സ്ഥാപനങ്ങളുമാണ് നല്‍കേണ്ടത്. തീരപ്രദേശങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും 25400 രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം പദ്ധതിക്കുള്ള കേന്ദ്രഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്്. കേന്ദ്രഫണ്ട് ലഭ്യമാകാത്തതിനാല്‍ താല്‍ക്കാലികമായി പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here