കത്തോലിക്കാ സഭയുടെ ദേവാലയങ്ങളടക്കമുള്ള സ്ഥാപനങ്ങളുടെയും വീടുകളുടെയും മുറ്റം ടാര്‍ ചെയ്യുന്നതും തറയോട് പാകുന്നതും ഒഴിവാക്കണമെന്നു കെ.സി.ബി.സി സര്‍ക്കുലര്‍ . ഇത്തരം പ്രവൃത്തികള്‍ മഴവെള്ളത്തെ മണ്ണില്‍ നിന്ന് അകറ്റുന്നതാണെന്ന കാരണത്താല്‍ ഒഴിവാക്കേണ്ടതെന്നാണ് കാരുണ്യവര്‍ഷാചരണം സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

പ്രകൃതിയോടു കാരുണ്യം കാണിക്കണമെന്ന ആഹ്വാനത്തോടെയാണ് സഭ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. കേരളാ സോഷ്യല്‍ സര്‍വിസ് ഫോറത്തിനാണ് പരിപാടികളുടെ നടത്തിപ്പ് ചുമതല.
ഭൂഗര്‍ഭജലം അനിയന്ത്രിതമായി ഊറ്റിയെടുക്കുന്ന കുഴല്‍ക്കിണര്‍ സംസ്‌കാരത്തെ സംബന്ധിച്ച് സഭാ സമൂഹം ആത്മപരിശോധനയ്ക്കു വിധേയമാകണം. ജലദൗര്‍ലഭ്യം മനസിലാക്കി ജലസ്രോതസുകള്‍ കൈയടക്കാന്‍ ദേശീയ, അന്തര്‍ദേശീയ ജലമാഫിയകള്‍ രംഗത്തുണ്ട്.
പ്രകൃതിയെ നശിപ്പിച്ചും അത്യാഡംബരത്തിലും പള്ളികളടക്കം നിര്‍മിക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് എല്ലാവരും ആത്മപരിശോധന നടത്തേണ്ടതെന്നു സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. മഴവെള്ളം സംഭരിക്കുന്നതിനായി കിണര്‍ റീചാര്‍ജിങ് എന്ന പദ്ധതി നടപ്പാക്കും. ജലസമ്പത്ത് നശിപ്പിക്കുന്ന മാലിന്യനിക്ഷേപം, രാസവളം, കീടനാശിനി പ്രയോഗം, ഡിറ്റര്‍ജെന്റ് ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം എന്നിവ നിയന്ത്രിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here