അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചത് റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച പരിഹരിക്കാനാണെന്ന് സംശയം. ‘കള്ളപ്പണം’ തടയാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ധീരമായ കാൽവെപ്പി’നെ സംഘപരിവാറിനേക്കാൾ ഉഷാറിൽ സംഘിവിരുദ്ധരും ശ്ലാഘിച്ചുകൊണ്ടിരിക്കെയാണ് മോദി ടീമിന്റെ പഴയ കയ്യബദ്ധം വീണ്ടും പുറത്തുവരുന്നത്.

റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നാണ് കഴിഞ്ഞ വർഷാവസാനം ഗുരുതരമായ അബദ്ധം പിണഞ്ഞിരുന്നത്. മുപ്പതിനായിരം കോടി രൂപയുടെ ആയിരത്തിന്റെ നോട്ടുകൾ വിപണിയിലിറക്കിയത് സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയായിരുന്നു. എത്ര മൂല്യത്തിനുള്ള നോട്ടുകളാണ് അബദ്ധം പിണഞ്ഞ് അടിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ലെങ്കി ലും ഏതു സീരീസിൽ പെട്ടവയാണ് പണി തന്ന നോട്ടുകളെന്ന് ദേശീയ മാധ്യമങ്ങൾ എഴുതിയിരുന്നു. 5AG, 3AP സീരീസിൽ പെട്ടവയായിരുന്നു അക്കിടി പറ്റിയ നോട്ടുകൾ എന്ന് സിഎൻഎൻ-ഐബിഎൻ 2016 ജനുവരി 19ന് റിപ്പോർട്ട് ചെയ്തിരുന്നു.

കയ്യബദ്ധം അറിഞ്ഞയുടൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും പ്രത്യേക നിർദേശം നൽകി. ഇത്തരം നോട്ടുമായി വരുന്ന ഉപഭോക്താക്കൾക്ക് നോട്ടിന്റെ മൂല്യം അനുവദിച്ചു കൊടുക്കണമെന്നായിരുന്നു നിർദേശം. സാധാരണ നിലയിൽ, സെക്യൂരിറ്റി ത്രെഡ് അടക്കമുള്ള സുരക്ഷാ ചിഹ്നങ്ങളില്ലാത്ത നോട്ടുമായി ആരു ബാങ്കിൽ വന്നാലും അവ കയ്യോടെ നശിപ്പിക്കുന്ന സ്ഥാനത്താണ് ‘കള്ളനോട്ട് ‘ അംഗീകരിച്ചുകൊടുക്കണമെന്ന് റിസർവ് ബാങ്ക് മറ്റു ബാങ്കുകളോട് നിർദേശിച്ചത്.

മധ്യപ്രദേശിലെ ഹോഷംഗബാദിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെക്യൂരിറ്റി പേപ്പർ മിൽ) ആണ് തെറ്റുപറ്റിയ നോട്ടുകൾ അച്ചടിച്ചത്. ജാഗ്രതക്കുറവിനെ കുറ്റപ്പെടുത്തി സെക്യൂരിറ്റി പേപ്പർ മിൽ മാനേജിങ്ങ് ഡിറക്ടർക്ക് റിസർവ് ബാങ്ക് 2015 ഡിസംബർ 14ന് കത്തും എഴുതിയിരുന്നു.

അബദ്ധത്തെ അതീവ ഗുരുതരമായാണ് കേന്ദ്ര സർക്കാർ കണ്ടിരുന്നത്. സെക്യൂരിറ്റി പേപ്പർ മിൽ രണ്ടു ഉന്നതോദ്യോഗസ്ഥരെ വീഴ്ചയുടെ പേരിൽ സസ്പെന്റ് ചെയ്തിരുന്നു. സെക്യൂരിറ്റി പേപ്പർ മില്ലിൽ നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പ്രത്യേകം ആരംഭിച്ച വിഭാഗത്തിൽ നിയമിതരായ രണ്ടു ഉന്നതോദ്യോഗസ്ഥരാണ് സസ്പെൻഷനിലായത് – മാനേജർ എച്ച്.കെ.വാജ്പേയിയും ഡെപ്യൂട്ടി മാനേജർ രവീന്ദർ സിങ്ങും. സംഭവം അന്വേഷിക്കാൻ ധനമന്ത്രാലയം നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്നായിരുന്നു സസ്പെൻഷൻ.

ധനമന്ത്രാലയം നിയമിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽപ്പെട്ടതാണ് ഇപ്പോഴത്തെ നോട്ടു പിൻവലിക്കലെന്നറിയുന്നു. എന്നാൽ, മോദി മാജിക് ആയി നോട്ടു പിൻവലിക്കലിനെ അവതരിപ്പിച്ചതുവഴി, സ്വന്തം അബദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മുഴുവൻ പൊതുജനശ്രദ്ധയിൽനിന്ന് മറയ്ക്കാൻ കേന്ദ്ര സർക്കാരിനായി. സംഘികളെ വെല്ലുന്ന ആവേശത്തിൽ ‘മോദി വിരുദ്ധരും’ മോദിക്ക് കയ്യടിയുമായി ഇറങ്ങിയതോടെ ഇത്തരം അഭ്യാസങ്ങൾക്കുള്ള തുടർവിജയ സാധ്യതയും മോഡി ഉറപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here