തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറുന്നതില്‍ എതിര്‍പ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ വസ്ത്രമാണ് ചുരിദാര്‍. അത് ധരിച്ച് വരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണ് ഭക്തരായ ആളുകള്‍ എത്തുന്നത്. അത് കൊണ്ട് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ അനുകൂലിക്കുന്നതായും അവര്‍ പറഞ്ഞു. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ തീരുമാനമെടുത്തത്. അതാണ് പ്രതിഷേധത്തിന് കാരണമായതെന്നും തര്‍ക്കമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മനശുദ്ധിയും ശരീരശുദ്ധിയുമാണ് ആവശ്യം. അല്ലാതെ വസ്ത്രത്തിന്റെ ഭംഗി നോക്കിയല്ല ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തെ വിവാദഭൂമിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here