വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത് സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കുമെന്ന് വിലയിരുത്തല്‍.
2017 മാര്‍ച്ച് 31 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളിലേയ്ക്ക് നാമമാത്രമായ തിരിച്ചടവേ ഉണ്ടാകുകയുള്ളൂ.
കറന്‍സി നിയന്ത്രണം മാറിവരുന്നതോടെ സഹകരണ മേഖലയിലെ നിക്ഷേപം ഏതാണ്ട് പൂര്‍ണ്ണമായും പിന്‍വലിക്കുന്ന സാഹചര്യമുണ്ടാകും. നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്ന അവസ്ഥ സംജാതമാകും.

‘നിങ്ങളുടെ നിക്ഷേപം സുരക്ഷിത സ്ഥാനങ്ങളില്‍ നിക്ഷേപിക്കുക’ എന്ന കാമ്പയിന്‍ റിസര്‍വ് ബാങ്ക് വിപുലമായി നടത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദൃശ്യ – ശ്രവ്യ മാധ്യമങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും അടക്കം റിസര്‍വ് ബാങ്ക് പരസ്യം ചെയ്യുന്നുണ്ട്. ഇത് നിക്ഷേപകരെ വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്.
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 85 ശതമാനത്തോളം തുകയും അംഗങ്ങള്‍ക്ക് വായ്പയായി നല്‍കിയിരിക്കുകയാണ്.

വായ്പകളിന്മേല്‍ തിരിച്ചടവില്ലാതെ വരുകയും നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലേയ്ക്ക് മാറ്റുകയും ചെയ്യുമ്പോള്‍ സഹകരണ ബാങ്കുകള്‍ കാലിയാകും.
പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണം നിലനില്‍ക്കുന്നത് ഒരുപരിധിവരെ സഹകരണ മേഖലയ്ക്ക് ഗുണകരമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
നോട്ട് നിയന്ത്രണം നിലവില്‍ വന്ന നവംബര്‍ 8 ന് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നീക്കിയിരിപ്പുണ്ടായിരുന്ന 1000, 500 രൂപ കറന്‍സികള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണ്.

ഇത് 28,000 കോടി രൂപയ്ക്ക് മുകളില്‍വരും. ഈ തുക ഇപ്പോഴും ജില്ലാ സഹകരണ ബാങ്കുകളുടെ ചെസ്റ്റുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈതുക മാറി നല്‍കാനുള്ള നടപടികളൊന്നും ഇതുവരെ റിസര്‍വ് ബാങ്ക് കൈക്കൊണ്ടിട്ടില്ല. ഇത് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആക്കംകൂട്ടുകയാണ്.

സഹകരണ ബാങ്കുകളില്‍ പരമാവധി 8 ശതമാനം പലിശയ്ക്ക് നിക്ഷേപം സ്വീകരിച്ച് 13.5 ശതമാനം വരെ പലിശക്ക് വായ്പ നല്‍കാനാണ് സഹകരണ സംഘം രജിസ്ട്രാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ബാങ്കുകളും രജിസ്ട്രാറുടെ ഉത്തരവ് കാറ്റില്‍ പറത്തി 16 ശതമാനം വരെ പലിശ ഈടാക്കിയാണ് വായ്പ നല്‍കുന്നത്. സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം അമിതമായി വര്‍ധിപ്പിച്ചതാണ് വായ്പക്കാരെ കൂടുതല്‍ പിഴിയാന്‍ ഇടവരുത്തുന്നത്.
കാര്‍ഷിക വായ്പകള്‍ അടക്കം സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. എന്നാല്‍ ഇക്കാലയളവില്‍ പലിശയിളവ് പ്രഖ്യാപിക്കാത്തതിനാല്‍ അത് വായ്പക്കാര്‍ക്ക് ഗുണകരമാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here