1436634230_Chandy--621x414
തിരുവനന്തപുരം: കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായതില്‍ കേരളത്തിന്‍െറ കടുത്ത പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് ജൂലൈ 28ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനക്ക് വരുമ്പോള്‍ ഇത് ആവര്‍ത്തിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സര്‍ക്കാറില്‍നിന്ന് അനുമതി വാങ്ങിയാണ് എ.ജി ഇപ്രകാരം ചെയ്തത്. ഇത് അതീവഗുരുതരമായ വിഷയമാണ്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ഉത്തരവാദിത്തത്തോടെ നടപ്പാക്കുന്ന മദ്യനിരോധ പരിപാടിക്ക് പൂര്‍ണപിന്തുണ നല്‍കാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട ഒരു വിഷയവും ഇതിലില്ല. എ.ജി ഹാജരാകുന്നതിനെക്കുറിച്ച് സുപ്രീംകോടതി തന്നെ ചോദ്യമുന്നയിച്ചിട്ടും അദ്ദേഹം മുന്നോട്ടുപോവുകയാണ് ചെയ്തത്. ഇത് കേരളത്തോടുള്ള അനീതിയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിനെതിരായ കേസുകളില്‍ മാത്രമാണ് അറ്റോണി ജനറലിന് ഹാജരാകുന്നതിന് തടസ്സമുള്ളതെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി. അതേ സമയം ബാറുടമകള്‍ക്കു വേണ്ടി ഹാജരായ സംഭവത്തില്‍ തെറ്റായൊന്നുമില്ളെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ആവര്‍ത്തിച്ചു.
കേരളസര്‍ക്കാറിന്‍െറ മദ്യനയം ചോദ്യംചെയ്ത് ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രസര്‍ക്കാറിന്‍െറ മുതിര്‍ന്ന അഭിഭാഷകനായ അറ്റോണി ജനറല്‍ ഹാജരായത്. അറ്റോണി ജനറലാകുന്നതിനുമുമ്പ് ബാറുടമകളുടെ അഭിഭാഷകനായിരുന്നു മുകുള്‍ റോത്തഗി. മദ്യനയത്തിലെ വ്യവസ്ഥ ചോദ്യംചെയ്ത ഹരജി പരിഗണിച്ചപ്പോഴാണ് ഫോര്‍സ്റ്റാര്‍ ബാറുടമകള്‍ക്കുവേണ്ടി റോത്തഗി വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ഹാജരായത്. സര്‍ക്കാറിന്‍െറ മദ്യനയം മദ്യവ്യവസായത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് വിശദമായി വാദിക്കാനുണ്ടെന്നും അതിനാല്‍, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും റോത്തഗി കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് കേസ് കോടതി അടുത്തമാസം 28ലേക്ക് മാറ്റി.
റോത്തഗി ഹാജരായതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ട അറ്റോണി ജനറല്‍ വ്യക്തികള്‍ക്കുവേണ്ടി ഹാജരായത് ശരിയല്ലെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. എന്നാല്‍, ബാറുടമകള്‍ക്കുവേണ്ടി ഹാജരാകാന്‍ കേന്ദ്രസര്‍ക്കാറില്‍നിന്ന് താന്‍ മുന്‍കൂര്‍ അനുമതി തേടിയിരുന്നുവെന്ന് റോത്തഗി ന്യായീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here