കൽപറ്റ ∙ വയനാട് ജില്ലയിൽ സർക്കാർ മെഡിസിറ്റി സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു. വയനാട് മെഡിക്കൽ കോളജിനു തറക്കല്ലിടുകയായിരുന്നു അദ്ദേഹം.

മുൻ എംപി എം.കെ. ജിനചന്ദ്രന്റെ പേരിൽ ആരംഭിക്കുന്ന മെഡിക്കൽ കോളജിനായി അദ്ദേഹത്തിന്റെ കുടുംബം അൻപത് ഏക്കർ സ്ഥലമാണു വിട്ടുകൊടുത്തിരിക്കുന്നത്. മെഡിക്കൽ കോളജിന് 25 ഏക്കർ മതി. ബാക്കിയുള്ള 25 ഏക്കർ സ്ഥലത്താണു മെഡി സിറ്റി യാഥാർഥ്യമാക്കുക. 900 കോടിയുടെ ബൃഹത്തായ പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ചുരം ബദൽ റോഡ് ഉടൻ യാഥാർഥ്യമാക്കും. പൊതുമരാമത്തു വകുപ്പ് ഇതിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടൻ ടെൻഡർ ചെയ്യാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

വയനാട്ടിലൂടെ കടന്നുപോകുന്ന നിലമ്പൂർ-വയനാട്-നഞ്ചൻകോട് പാതയും യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരും ചെലവിന്റെ പകുതി വഹിക്കാമെന്നു സമ്മതിച്ച ഏകപദ്ധതിയാണിത്. വയനാടിനു വാഗ്ദാനം ചെയ്ത ശ്രീചിത്തിര തിരുനാൾ സെന്റർ ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്കു വേണ്ടി ഭൂമി കണ്ടെത്തുന്ന കാര്യവും ഉടൻ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എം.വി.ശ്രേയാംസ്‌ കുമാർ എംഎൽഎ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി.എസ്.ശിവകുമാർ, വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.കെ.ജയലക്ഷ്മി, എം.ഐ.ഷാനവാസ് എംപി, മുൻ എംപി എം.പി.വീരേന്ദ്രകുമാർ, വനിതാ കമ്മിഷൻ അധ്യക്ഷ കെ.സി.റോസക്കുട്ടി, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, കെ.എം. ഷാജി, സി.മമ്മൂട്ടി, ഭൂമി വിട്ടുനൽകിയ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എം.ജെ.വിജയപത്മൻ, കലക്ടർ വി.കേശവേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here