തിരുവനന്തപുരം∙ കേരളം കാത്തിരിക്കുന്ന സ്വപ്ന പദ്ധതിയായ വിഴി‍ഞ്ഞത്തിന് ഇനിയുള്ളതു മൂന്നു നിർണായക ദിവസങ്ങൾ. 17നു മുൻപു സർക്കാർ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ പദ്ധതിയെക്കുറിച്ചു പുനരാലോചിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചന അദാനി ഗ്രൂപ്പ് അധികൃതർ സർക്കാരിനു നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ 15നു കേസുള്ളതും മറ്റു നടപടികൾ പൂർത്തിയാക്കേണ്ടതും കണക്കിലെടുക്കുമ്പോൾ മുൾമുനയിൽ നിന്നു വേണം സർക്കാർ തുടർനടപടി സ്വീകരിക്കാനെന്നു വ്യക്തം.

ഇതിനിടയിലും പദ്ധതിയിൽ ഒരു അനിശ്ചിതത്വവും ഇല്ലെന്നും ഈയാഴ്ച തന്നെ ഉത്തരവിറങ്ങുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയും സർക്കാരും തമ്മിൽ പദ്ധതിയുടെ കാര്യത്തിൽ ഒരു അഭിപ്രായഭിന്നതയും ഇല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. സംസ്ഥാന വികസനത്തിൽ ഏറ്റവും നിർണായകമായ ഈ പദ്ധതിയെക്കുറിച്ച് ആർക്കും എതിരഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സാങ്കേതികതടസ്സങ്ങൾ എന്താണെന്ന കാര്യം ആരും വെളിപ്പെടുത്തുന്നില്ല.

അതേസമയം, പദ്ധതി അനിശ്ചിതത്വത്തിലായതിനു പിന്നിൽ ദുബായ് പോർട്ട് വേൾഡിന്റെ സമ്മർദമാണെന്ന വാർത്തകൾ ഡിപി വേൾഡ് അധികൃതർ നിഷേധിച്ചു. സ്മാർട് സിറ്റി പദ്ധതിയുമായി ഡിപി വേൾഡിന് ഒരു ബന്ധവുമില്ലെന്നും വിഴിഞ്ഞം പദ്ധതിയിൽ ഡിപി വേൾഡ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും ഡിപി വേൾഡ് അധികൃതർ മുംബൈയിൽ നിന്ന് അറിയിച്ചു.

കഴിഞ്ഞ മാസം മൂന്നിനാണു സർവകക്ഷി യോഗം ചേർന്നു വിഴിഞ്ഞം പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്തത്. പത്തിനു ചേർന്ന മന്ത്രിസഭാ യോഗം പദ്ധതി അംഗീകരിക്കുകയും കരാർ ഒപ്പിടാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിപ്രായം തേടുകയും ചെയ്തു. എംപവേർഡ് കമ്മിറ്റി, സ്റ്റോർ പർച്ചേസ് വകുപ്പ്, സെൻട്രൽ വിജിലൻസ് കമ്മിഷൻ, സംസ്ഥാന നിയമ വകുപ്പ് എന്നിവരുടെ കൂടി അഭിപ്രായം തേടിയശേഷമാണ് അദാനി ഗ്രൂപ്പിനെ കരാർ ഏൽപ്പിക്കാമെന്നു മന്ത്രിസഭ തീരുമാനിച്ചത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അവസാനിച്ച മൂന്നിനു കരാർ ഒപ്പിടാമായിരുന്നെങ്കിലും അതുവരെ ഇല്ലാതിരുന്ന ചില ‘സാങ്കേതിക പ്രശ്നങ്ങൾ’ ഉയർന്നു. അതു കൂടി പരിഹരിക്കാനുണ്ടെന്ന നിലപാടിലായി സർക്കാർ. കരാറിന്റെ കരട് വകുപ്പുമന്ത്രിയുടെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന് അംഗീകാരം കിട്ടിയാൽ ഒരു മണിക്കൂറിനകം കരാർ ഒപ്പിടാമെന്നാണു തുറമുഖ വകുപ്പ് അറിയിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here