സി.പി.എമ്മുമായി അടവു നയത്തിന് ലീഗ് ; ചുക്കാന്‍ പിടിക്കാന്‍ കെ.ടി ജലീലും വഹാബും
മുസ്ലീംലീഗിനെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ച് പി.വി അബ്ദുല്‍വഹാബ് എം.പിയും മന്ത്രി കെ.ടി ജലീലും.

മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി അടുപ്പമുള്ള കൈരളി ചാനലിന്റെ മുന്‍ ഡയറക്ടര്‍കൂടിയായ മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ വഹാബും മുന്‍ ലീഗ് നേതാവും പിണറായിയുടെ വിശ്വസ്ഥനുമായ മന്ത്രി കെ.ടി ജലീലുമാണ് ഈ നീക്കത്തിന് തുടക്കമിടുന്നത്.

പി.വി അബ്ദുല്‍വഹാബ് എം.പിയെ ആദരിക്കാന്‍ സി.പി.എം നേതൃത്വം ഇടപെട്ട് നടത്തുന്ന ചടങ്ങും എട്ടിന് നിലമ്പൂരില്‍ നടത്തുന്നുണ്ട്. സി.പി.എമ്മിന്റെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പാര്‍ട്ടി നേതൃത്വവും നടത്തുന്ന ടൂറിസം ഫെസ്റ്റിവലിലാണ് മന്ത്രി കെ.ടി ജലീല്‍ വഹാബിനെ ആദരിക്കുന്നത്.

വഹാബിന്റെ നേതൃത്വത്തിലുള്ള ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ യുനെസ്‌കോ പുരസ്‌ക്കാരം ലഭിച്ചതിന്റെ പേരിലാണ് ആദരിക്കുന്നതെങ്കിലും ചടങ്ങിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

പി.കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതു മുതല്‍ ലീഗ് നേതൃത്വത്തിന് അപ്രിയനാണ് കെ.ടി ജലീല്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കും തമ്മിലടിയും കാരണം താറുമാറായ യു.ഡി.എഫില്‍ ലീഗിന്റെ സ്ഥിതി സുരക്ഷിതമല്ല എന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.

പിണറായി സര്‍ക്കാരിനെതിരെ സമരങ്ങളൊന്നും ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നുമില്ല. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും പിണറായിയുമായി അടുത്ത ബന്ധമാണുള്ളത്. ഓടിച്ചെന്ന് സഖ്യകക്ഷിയാകാതെ സി.പി.എമ്മുമായി പണ്ടു പയറ്റിയ അടവു നയം തുടരാനാണ് കുഞ്ഞാലിക്കുട്ടിക്കും താല്‍പര്യം.

കുഞ്ഞാലിക്കുട്ടിക്കു പുറമെ ലീഗിലെ മന്ത്രിമാരായിരുന്ന ഇബ്രാഹിംകുഞ്ഞ്, എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ് എന്നിവര്‍ക്കെതിരെയെല്ലാം വിജിലന്‍സ് കേസുകളുമുണ്ട്.

യു.ഡി.എഫ് വിട്ട കെ.എം മാണിക്കെതിരായ കേസുകള്‍ വിജിലന്‍സ് മയപ്പെടുത്തിയത് സി.പി.എമ്മുമായി അടവുനയം തുടരാനുള്ള നീക്കത്തിന് ശക്തിപകരുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

47 എം.എല്‍.എമാരുള്ള യു.ഡി.എഫില്‍ കോണ്‍ഗ്രസില്‍ കേവലം 22 സീറ്റുമാത്രമേയുളളൂ. 18 പേരുള്ള ലീഗാണ് വലിയ സഖ്യകക്ഷി. മാണിവിഭാഗം പോയതോടെ ലീഗിന്റെ നിലപാട് യു.ഡി.എഫില്‍ നിര്‍ണ്ണായകമാണ്.

നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പണറായിയെയും ആഭ്യന്തരവകുപ്പിനെയും പ്രതികൂട്ടിലാക്കി സി.പി.ഐ നേതൃത്വം രംഗത്തുവന്നത് സി.പി.എം-സി.പി.ഐ ഭിന്നതക്ക് കാരണമായിരുന്നു.

ഒടുവില്‍ സി.പി.ഐ മന്ത്രിമാരെ ആക്ഷേപിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ മന്ത്രി എ.കെ ബാലന്‍ പ്രസംഗിച്ചതും പിണറായിയെ മുണ്ടുടുത്ത മോഡിയെന്ന് സി.പി.ഐ കൗണ്‍സിലില്‍ വിമര്‍ശിച്ചതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്.

19 എം.എല്‍.എമാരുള്ള സി.പി.ഐയാണ് എല്‍.ഡി.എഫില്‍ രണ്ടാമത്തെ സഖ്യകക്ഷി. സി.പി.ഐ മുന്നണിവിട്ടാലും ലീഗു പിന്തുണച്ചാല്‍ സി.പി.എമ്മിന് തനിച്ച് ഭരിക്കാനാവും.

അതേസമയം ലീഗുമായുള്ള ബന്ധത്തെ പാര്‍ട്ടി നിലപാടുയര്‍ത്തി പരസ്യമായി എതിര്‍ക്കുന്നത് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുമാണ്. കേന്ദ്ര നേതൃത്വവും എതിര്‍പ്പ് രൂക്ഷമാക്കിയാല്‍ അടവുനയമെന്ന രാഷ്ട്രീയ തന്ത്രമായിരിക്കും സി.പി.എം സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here