ജിഷ്ണുവെന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ പാമ്പാടി നെഹ്റു കോളെജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. പൊലീസ് വലയം ഭേദിച്ച് ക്യാംപസിനകത്ത് കടന്ന വിദ്യാർത്ഥികൾ കോളെജിലെ ഓഫീസ് മുറിയും ക്ലാസ് മുറികളും കോളജ് കാന്റീനും അടിച്ചു തകർത്തു. സംഘർഷത്തിൽ പൊലീസ് ജീപ്പിന്റെ ചില്ലും തകർന്നു. കൂടുതൽ പൊലീസ് ക്യാംപസിലെത്തിയിട്ടുണ്ട്.

nehru-college-2

എസ്എഫ്ഐയും കെഎസ് യുവും അടക്കമുള്ള സംഘടനകളാണ് കോളെജിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. അതേസമയം കോളെജിലെത്തിയ യുവജന കമ്മിഷൻ കോളെജ് അധികൃതർക്കെതിരെ സ്വമേധയാ കേസെടുത്തു. എസ്പിയോടും കോളെജ് അധികൃതരോടും കമ്മിഷൻ വിശദീകരണം തേടി. സ്വാശ്രയകോളെജ് നടത്തിപ്പിനു നയം രൂപീകരിക്കാൻ സർക്കാരിനോടു ശുപാർശ ചെയ്യുമെന്ന് കമ്മിഷൻ അറിയിച്ചു.വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് സാങ്കേതിക സർവ്വകാലാശാല രജിസ്ട്രാർ നെഹ്റു കോളെജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കോപ്പിയടി സംബന്ധിച്ച് കോളജ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും സർവ്വകലാശാല വ്യക്തമാക്കി.

ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

നെഹ്രു കോളെജിലെ ജിഷ്ണുവിന്റെ മരണം: നാടിളകി; ഒന്നിച്ചു സമരത്തിന് ജന്മനാട്ടിലെ പാര്‍ട്ടികള്‍

pambadi-protest
പാമ്പാടി നെഹ്‌റു കോളെജ് വിദ്യാർത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ നീതി ലഭിക്കും വരെ പോരാടുമെന്ന തീരുമാനവുമായി നാട്ടുകാർ. നാദാപുരം വളയം ഗ്രാമവാസികളാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ ഭാവി വാഗ്‌ദാനമായിരുന്ന വിദ്യാർത്ഥിക്ക് വേണ്ടി സമര രംഗത്തിറങ്ങുന്നത്.

ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ മാനേജ്‌മെന്റ് ശ്രമം നടത്തുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അകലെയുള്ള ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദുരൂഹമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ മാനേജ്‌മെന്റിന്റെആളുകളാണ്.അവിടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തിരുന്നുവെങ്കിൽ ഇതൊരു സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ട് വന്നേനെ. പോലീസും മാനേജ്‌മെന്റിന്റെ ആളുകളാണ്. നാട്ടുകാർ കൃത്യമായ ഇടപെടൽ നടത്തിയതുകൊണ്ടാണ് പോസ്റ്റുമോർട്ടം നടപടികൾ തൃശൂരിലേക്ക് മാറ്റിയത് .
ഇപ്പോൾ അടച്ചിട്ടിരിക്കുന്ന കോളെജ് തുറന്നാൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ കോളേജിന് മുന്നിൽ സമരം ആരംഭിക്കും. നീതി ലഭിക്കുംവരെ പോരാട്ടം തുടരാനാണ് നാട്ടുകാരുടെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here