Olimpicshop

കറന്‍സി നിരോധനത്തിലൂടെ പണരഹിത വിനിമയം നടപ്പിലാകുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം പാഴ്‌വാക്കാവാനാണ് മുഴുവൻ സാധ്യതയുമെന്ന് പഠനം. വിനിമയോപാധിയായ കറന്‍സി നോട്ടുകളില്‍ ഭൂരിപക്ഷമായ 1,000-500 നോട്ടുകള്‍ പിന്‍വലിച്ചതിനു ഒരു കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത് പണരഹിത വിനിമയ രാജ്യമെന്ന ലക്ഷ്യമായിരുന്നു. എന്നാല്‍ സാമ്പത്തിക സാക്ഷരതയില്‍ ഉന്നതിയില്‍ നില്‍ക്കുന്ന കേരളം പോലും പണരഹിത വിനിമയത്തിന്റെ കാര്യത്തില്‍ പിന്നോക്കമാണെന്നു തെളിയിക്കുന്നു എറണാകുളത്തുനിന്നുള്ള പഠനം.

കേരളത്തിലെ വ്യവസായ തലസ്ഥാനം സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയിലെ ഗ്രാമീണമേഖലകളിലെ 91 ശതമാനം ജനങ്ങളും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പണരഹിത വിനിമയം നടത്തിയിട്ടില്ല. സാമൂഹികമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ പണരഹിത വിനിമയം നടത്തുന്നതില്‍ ഏറെ പിന്നിലാണെന്നും പഠനം വെളിപ്പെടുത്തുന്നു. എറണാകുളത്തെ ഗ്രാമീണ പഞ്ചായത്തുകളായ പള്ളിപ്പുറം, മണീട്, അശമന്നൂര്‍ എന്നിവിടങ്ങളില്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസാണ് പഠനം നടത്തിയത്.

ബിപിഎല്‍ ജനവിഭാഗങ്ങളില്‍ 3 ശതമാനം പേര്‍ മാത്രമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും പണരഹിത വിനിമയം നടത്തിയിട്ടുള്ളതെന്നാണ് പഠനം കണ്ടെത്തിയത്. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ 13 ശതമാനം പേര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു.സര്‍വ്വെയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ 12 ശതമാനം പേര്‍ ഒരിക്കലെങ്കിലും പണരഹിത വിനിമയം നടത്തിയിട്ടുണ്ടെങ്കില്‍ സ്ത്രീകളില്‍ ഇത് 6.5 ശതമാനം മാത്രമാണ്. സമൂഹത്തിലെ പ്രായപൂര്‍ത്തിയായ അഞ്ഞൂറോളം ആളുകളെ നേരില്‍ കണ്ടു തയ്യാറാക്കിയ സര്‍വ്വേയില്‍ ഭൂരിഭാഗം വരുന്ന കൂലിപ്പണിക്കാര്‍, വീട്ടമ്മമാര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ പണരഹിത വിനിമയം നടത്തുന്നവരില്‍ ഏറെ പിന്നോക്കമാണെന്നു വ്യക്തമാക്കുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ക്ക് എടിഎം കാര്‍ഡ് സൗകര്യം ഉണ്ടെങ്കിലും അതില്‍ മൂന്നിലൊന്നു പേർ മാത്രമാണ് പണം പിന്‍വലിക്കുന്നതടക്കമുള്ള ഏതെങ്കിലും ആവശ്യത്തിനു ഇതുപയോഗിച്ചിട്ടുള്ളത്. അതില്‍ത്തന്നെ 28 ശതമാനം പേര്‍ പണം പിന്‍വലിക്കുന്നതിനുവേണ്ടി മാത്രമാണ് ഈ കാര്‍ഡ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതില്‍ കൂലിപ്പണിക്കാര്‍ രണ്ട് ശതമാനവും വീട്ടമ്മമാര്‍ മൂന്ന് ശതമാനവും മാത്രമേ കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നുള്ളു.
സർവ്വേയിൽ പങ്കെടുത്തവരിൽ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു താഴെയുള്ള ഒരു വ്യക്തിയും പണരഹിത ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരില്‍ 3.5ശതമാനം പേര്‍ ഇത്തരത്തില്‍ ഒരിക്കലെങ്കിലും വിനിമയം നടത്തിയിട്ടുണ്ടെങ്കില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവരില്‍ ഇത് 47 ശതമാനമാണ്. മറ്റു ബിരുദധാരികളില്‍ 25 ശതമാനവുമാണെന്നാണ് സര്‍വ്വേയില്‍ വ്യക്തമായത്. ആകെ സര്‍വ്വെ ചെയ്തതില്‍ 63 ശതമാനത്തോളം ജനങ്ങള്‍ ഹൈസ്‌കൂളോ അതില്‍ താഴെയോ വിദ്യാഭ്യാസമുള്ളവരാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here