ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിസമരം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കാന്‍ തയ്യാറാണെന്ന് പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍.

പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്നും അക്കാദമി ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറിനില്‍ക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പഠിച്ച സിന്‍ഡിക്കറ്റ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ചചെയ്യാനിരിക്കെയാണ് ലക്ഷ്മിനായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രിന്‍സിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ല. നടപടി വന്നാല്‍ നിയമപോരാട്ടം നടത്തുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

സമരമെന്ന് പറഞ്ഞ് അധ്യാപികക്കെതിരെ ആരോപണമുന്നയിച്ച് മാധ്യമങ്ങളില്‍ സ്റ്റാര്‍ ആവാനാണ് പെണ്‍കുട്ടികള്‍ അടക്കമുള്ളവരുടെ ശ്രമം. ഇതൊന്നും നല്ല സമരമല്ലന്നും അവര്‍ കുറ്റപ്പെടുത്തി.

ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്.കുട്ടികളുടെ ഭാവിയെ കരുതി രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നാണ് അല്‍പം കടുത്ത നിലപാടുകള്‍ സ്വീകരിച്ചത്. അത് അവര്‍ക്ക് വേണ്ടെങ്കില്‍ വേണ്ട. പിന്നെ മക്കള്‍ ഇങ്ങനെയായി അങ്ങിനെയായി അടിപിടിയായി എന്നൊന്നും പറഞ്ഞ് രക്ഷിതാക്കള്‍ എന്റെ അടുത്ത് വരരുത്. ഇപ്പോള്‍ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമാണ്. മറ്റുകുട്ടികളുടെ ഭാവിയെകൂടിയാണ് ഈ സമരക്കാര്‍ ഇല്ലാതാക്കുന്നത്. ഇതൊന്നും ശരിയല്ലെന്നും ലക്ഷ്മി നായര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here