വി എം സുധീരനെയും രമേശ് ചെന്നിത്തലയെയും തൽസ്ഥാനങ്ങളിൽ നിന്ന് തെറിപ്പിക്കാനുറച്ച് കെ മുരളീധരനും ഉമ്മൻചാണ്ടിയും കൈകോർക്കുന്നു. ഡിസിസി പുനഃസംഘടനയിൽ അസംതൃപ്തരായ ഐ ഗ്രൂപ്പുകാരെല്ലാം മുരളീധരനു പിന്നിലുണ്ട്.  ഞായറാഴ്ച തിരുവനന്തപുരത്ത് ഗ്രൂപ്പിന്റെ രഹസ്യയോഗം നടക്കും. ഉമ്മൻചാണ്ടിയുടെ സർവ പിന്തുണയും ഈ നീക്കത്തിലുണ്ട്.

വിഎം സുധീരന്റെ കസേര എ ഗ്രൂപ്പിലെ ഉമ്മൻചാണ്ടിയുടെ നോമിനിയ്ക്ക്. പ്രതിപക്ഷ നേതൃസ്ഥാനം മുരളീധരനും. ആ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പു സമവാക്യം മാറിമറിയുന്നത്.  ഉമ്മൻചാണ്ടിയുടെ ആജന്മ വൈരിയായിരുന്ന കെ മുരളീധരൻ അടുത്തകാലത്തായി അദ്ദേഹത്തിന്റെ കടുത്ത അനുകൂലിയായി മാറിയതിന്റെ രഹസ്യവും ഇതാണ്.  സുധീരന്റെ കടുത്ത അനുയായിയായിരുന്ന കെ പി അനിൽകുമാർ ഇപ്പോൾ മുരളി ഗ്രൂപ്പിലാണ്. രമേശിന്റെയും സുധീരന്റെയും പക്ഷത്തുനിന്ന പലരും ഇതുപോലെ മുരളിപക്ഷത്തേയ്ക്ക് ചേക്കേറിയിട്ടുണ്ട്.

ഐ ഗ്രൂപ്പിലെ സീനിയർ നേതാക്കളടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ഡിസിസി പുനഃസംഘടനയിൽ തഴയപ്പെട്ടവരാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ പടയ്ക്കിറങ്ങുന്നത്. മിക്ക ജില്ലകളിലും എല്ലാ ധാരണകളും അട്ടിമറിക്കപ്പെട്ടാണ് ഡിസിസി പ്രസിഡന്റുമാർ നിയമിക്കപ്പെട്ടത്. അവസാന കണക്കിൽ ഐ ഗ്രൂപ്പിനു ലഭിച്ച മേധാവിത്തം പക്ഷേ, ഗ്രൂപ്പിനുളളിൽ കടുത്ത അസംതൃപ്തിയ്ക്കാണ് കാരണമായത്. അവസാനനിമിഷം വരെ രമേശ് ചെന്നിത്തല പ്രതീക്ഷ നൽകിയവരാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ തിരിയുന്നത്. ഇതിനിടെ പത്മജയും മുരളീധരനും തമ്മിലുളള ഭിന്നതയും പരിഹരിക്കപ്പെട്ടിട്ടുണ്ട്.

വട്ടിയൂർക്കാവിൽ കടുത്ത മത്സരത്തിലൂടെ കുമ്മനം രാജശേഖരനെ തോൽപ്പിച്ച കെ മുരളീധരന്റെ ശക്തിയും ജനപ്രീതിയും ഹൈക്കമാൻഡും കുറച്ചു കാണുന്നില്ല. കേരളത്തിൽ കോൺഗ്രസിൽ നിന്ന് ബിജെപിയെ ശക്തമായ ആക്രമണം നടത്തുന്നതും മുരളീധരനാണ്.

മറുവശത്ത് എ ഗ്രൂപ്പിനെ ഒറ്റക്കെട്ടാക്കി നിർത്താൻ ഉമ്മൻചാണ്ടി സദാ ഫീൽഡിലുണ്ട്. നേതാക്കളിൽ പലരെയും ഇതിനോടകം വീടുകളിൽ ചെന്നു സന്ദർശിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് താൻ നേതൃസ്ഥാനത്തു നിന്നു മാറി നിന്നതുപോലെ സുധീരനും ചെന്നിത്തലയും മാറണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാടിന്റെ ഗുണഭോക്താവാകുകയാണ് കെ മുരളീധരന്റെ ലക്ഷ്യം. ചെന്നിത്തല മാറിയാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ഐ ഗ്രൂപ്പിൽ തലപ്പൊക്കമുളള മറ്റൊരാളില്ല. ആ സ്ഥാനം കൈയടക്കുന്നതിലൂടെ തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുളള കരുനീക്കത്തിലാണ് കെ മുരളീധരൻ.

LEAVE A REPLY

Please enter your comment!
Please enter your name here