അമേരിക്കയിലുള്ള ഏകദേശം 22 ലക്ഷത്തോളം ഇന്ത്യകാരുടെ ഭാവി തുലാസിൽ ! ഇപ്പോൾ തൊഴില്‍ വിസയിലുള്ള ആരെങ്കിലും നാട്ടിലേക്കു വന്നാൽ അവരോടു പറഞ്ഞയക്കുന്നത് ഇമിഗ്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട ശേഷമേ തിരികെ മടങ്ങാന്‍ പാടുള്ളൂ എന്നാണ്.
ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ കാലം. അമേരിക്കയുടെ ഇന്ത്യൻ പ്രധിനിധിയും ഹിന്ദു-അമേരിക്കൻ ഫൌണ്ടേഷൻ പ്രസിഡന്റുമായ ശൈലഭ് കുമാർ ഡൽഹിയിലെത്തി. അദ്ദേഹത്തോട് പത്രക്കാർ ചോദിച്ചു-ട്രംപ് പ്രസിഡന്റായി വന്നാൽ ഇവിടെ എന്തെല്ലാം ദോഷം ഉണ്ടാകും? അദ്ദേഹം മറുപടി കൊടുത്തു- ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല, അദ്ദേഹം ഇന്ത്യക്കാരെ ശരിക്കും സ്നേഹിക്കുന്നു. ഇന്ത്യക്കാർക്കു അനുകൂലമായിരിക്കും ട്രംപിന്റെ തീരുമാനങ്ങള്‍ എന്നും വച്ചുകാച്ചി.

ട്രംപിന്റെ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതൽ പണം കൊടുത്തത് ചിക്കാഗോയിലുള്ള ഇന്ത്യന്‍ വംശജനായ ഒരു വ്യക്തിയായിരുന്നു. അമേരിക്ക ഇന്നും പല ചെറുപ്പക്കാരുടെയും സ്വപ്നമാണ്. ബോളിവുഡ് സിനിമകളിൽ തുടങ്ങി ആ സ്വപ്നം നൈറ്റ് ക്ലബ്ബില്‍ ചെന്നുനില്‍ക്കും. ഉപരിപഠനം അമേരിക്കയിലായാല്‍ പിന്നീടും അവിടെ തന്നെ കഴിയാം. ഇങ്ങനെ അമേരിക്കന്‍ പ്രവാസജീവിതം നയിക്കുന്നവരില്‍ കൂടുതലും ഹൈന്ദവ ജനവിഭാഗമാണ്‌. അതിൽ ഏറ്റവും കൂടുതൽ പേരും ഗുജറാത്തിൽ നിന്നുമുള്ളവരാണ്. അവരാണല്ലോ നരേന്ദ്രമോദി സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സാമ്പത്തിക സഹായം ചെയ്തുകൊടുത്തതും.

പഞ്ചാബിൽ ഏതു കുടുംബത്തിലും ഏറ്റവും ചുരുങ്ങിയത് ഒരു കാനഡ പ്രവാസിയെങ്കിലുമുണ്ടാകും. കേരളത്തിലെ വീടുകളിൽ ഗള്‍ഫുകാരനെന്നപോലെ. ഗുജറാത്തിൽ ഇത് അമേരിക്കന്‍ പ്രവാസികളാണ്.

ഇന്ത്യയിലുണ്ടായ IT വിപ്ലവത്തെ തുടർന്ന് ബാംഗ്ലൂർ, ഹൈദ്രബാദ്, പൂനെ, മുംബൈ പിന്നെ ഡൽഹിക്കടുത്തുള്ള ഗുർഡ്‌ഗാവ്‌ തുടങ്ങിയ നഗരങ്ങളിലെ ഓഫീസുകളാണ് അമേരിക്കയിലെ ബാക് ഓഫീസ് ജോലികള്‍ മുഴുവന്‍ ചെയ്തിരുന്നത്. അതായത് അമേരിക്ക ഉണര്‍ന്നു വരുമ്പോള്‍ ഇന്ത്യ ബാക്ക് ഓഫീസ് വര്‍ക്കുകള്‍ തീര്‍ത്തിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമയക്രമവും ഇതിനു സഹായകരമായി.

തോമസ്‌ ഫ്രീഡ്മാൻ എഴുതിയ “വേൾഡ് ഈസ് ഫ്ലാറ്റ് ” എന്ന പുസ്തകത്തിൽ പറയുന്നത് 15,000 ഡോളർ അമേരിക്കയിൽ ശമ്പളം കൊടുക്കുന്ന ഒരു തൊഴിൽ ഇന്ത്യയിലേക്ക് മാറ്റുമ്പോള്‍ 3500 ഡോളറിന് ജോലി നടക്കും അതിലും കേമമായി. അമേരിക്കയുടെ ഒരു എയർ ലൈൻ ജെറ്റ് ബ്ലൂവിന്റെ ഓൺലൈൻ ബുക്കിങ്‌ സര്‍വീസിനു മറുപടി ലഭിക്കുന്നത് ഇന്ത്യയിലെ ഒരു നഗരത്തിൽ നിന്നുമാണ്.

ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയം അടയ്ക്കാൻ അവരെ ഓർമിപ്പിക്കുന്ന ജോലിയും, നമ്മുടെ നാട്ടിലെ സിന്ധുവോ മഞ്ജുവോ ആണ് ചെയ്യുന്നത്. അമേരിക്കൻ പേരായ ‘അമാൻഡ’ അല്ലെങ്കിൽ ലെമേ’ എന്നോ മറ്റോ ഉള്ള പേരുകൾ സ്വീകരിച്ചു അമേരിക്കൻ അക്‌സെന്റിൽ സംസാരിച്ചു ബാക് ഓഫീസിൽ ജോലി ചെയ്യാം. അതാണ്‌ ‘ഔട്ട്‌ സോഴ്സിങ്‌’. അത് താമസിക്കാതെ നിര്‍ത്താന്‍ പോകുന്നു. 17 വയസുള്ള ചെറുപ്പക്കാര്‍ക്ക് ഇംഗ്ളീഷ് വഴങ്ങിയാൽ ജോലി ഉറപ്പ്. അങ്ങനെ പലതും. ടെൿനോളജിക്കൽ ഭീമന്മാരായ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയവരുടെ ഭൂരിഭാഗം ജോലികളും മുടങ്ങും. തേങ്ങയുടെ എണ്ണത്തെക്കാള്‍ കൂടുതലായ എൻജിനീയറിങ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ ഇനി എവിടെ പോകും?

ഓരോ വര്‍ഷവും അഞ്ചു കോടി തൊഴിൽ അവസരം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയിൽ തൊഴില്ലായ്മ രൂക്ഷമാകുമെന്നു നീതി ആയോഗിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷംകൊണ്ട്‌ രണ്ടു കോടി പുതിയ തൊഴിൽ കൊടുക്കാൻ നമുക്ക് കഴിഞ്ഞില്ല. നല്ല നാളെകൾ മുന്നിൽകണ്ടു തെരഞ്ഞെടുപ്പിൽ അവർ ഉദ്ദേശിച്ചതിലുമധികം വാരിക്കോരികൊടുത്തു. ഒരു പഴഞ്ചൊല്ലുണ്ട്- നമുക്ക് അര്‍ഹതപ്പെട്ടവരെ നമ്മെ ഭരിക്കുകയുള്ളു!

കൊച്ചിയിലും തിരുവന്തപുരത്തെയും IT പാർക്കുകൾ സ്മാർട്ടാകുമോ അതോ ഓവർ സ്മാർട്ട് ആകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.ഏഴു മുസ്ലിം രാഷ്ട്രങ്ങളെ ട്രംപ് നിരോധിച്ചപ്പോൾ ഇന്ത്യയിലെ വലതുപക്ഷ ചിന്താഗതിക്കാരില്‍ ഒരു സന്തോഷം പ്രകടമായിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ. ലോകരാഷ്ട്രങ്ങൾ അപലപിച്ചപ്പോൾ നമ്മളെ ഭരിക്കുന്നവർ ഒരക്ഷരം പോലും മിണ്ടിയില്ല. എന്തിനു കോൺഗ്രസ് പാർട്ടിപോലും അറിഞ്ഞതായി നടിച്ചില്ല.

മറിച്ചു യോഗി ആദിത്യനാഥ് എന്ന ബിജെപി നേതാവ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. വളരെ നല്ലത്. H1-B വിസയിൽ കടുത്ത നിബഡനകൾ വരാൻ പോകുന്നു. അമേരിക്കൻ സെനറ്റിൽ ബില്‍ അവതരിപ്പിക്കുമെന്ന വാർത്ത പരന്നതോടെ കേവലം 12 മണിക്കൂറിനുള്ളിൽ 33,000 കോടിയുടെ നഷ്ട്ടമാണ് ഇന്ത്യയിലെ IT കമ്പനികൾക്ക് ഉണ്ടായത്.

ഇതിൽ നിക്ഷേപിച്ചമുള്ളവരെ രണ്ടു ദിവസമെങ്കിലും ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റേണ്ടി വരുമെന്നതാണ്‌ സാഹചര്യം. സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞു സായിപ്പ്‌ കാലുവാരി എന്നുമുള്ള വാർത്ത മാത്രം മതി അമേരിക്കയിൽ ജോലിചെയ്യുന്ന പല ഇന്ത്യൻ ഭവനങ്ങളിലും ആധിയുണ്ടാകാന്‍. മക്കൾക്ക് എപ്പോള്‍ തിരിച്ചുവരേണ്ടിവരും?

LEAVE A REPLY

Please enter your comment!
Please enter your name here