രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്ന പരമാവധി തുക 2,000 രൂപ മാത്രമായിരിക്കും. അതിനു മുകളിലുള്ള തുക ചെക്കായോ ഡിജിറ്റല്‍ പണമായോ വേണം രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനയായി സ്വീകരിക്കാന്‍.
അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ രംഗത്തു നിന്നും കളളപ്പണത്തിന്റെ സാന്നിധ്യം ഒഴിവാക്കി ശുദ്ധീകരണ നടപടികള്‍ ആരംഭിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ 2,000 രൂപക്കു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സംഭാവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നേരത്തെ 20,000 രൂപയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് സ്വീകരിക്കാവുന്ന സംഭാവന. ഇതാണ് രണ്ടായിരം രൂപയായി കുറച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here