തിരുവനന്തപുരം ∙ കൊച്ചിയിൽ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിൽ. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സിനിമാ മേഖലയിൽനിന്നുതന്നെയുള്ള മൂന്നു പേർകൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.

ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെപ്പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അതിക്രമത്തിന് ഇരയായ നടിയുടെ കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ലാൽ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തതും അതിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തതും.

കേസുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ടുനിന്ന കോലാഹലങ്ങൾക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേൽനോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും, വനിതാ ചലച്ചിത്ര പ്രവർത്തകർ രൂപം കൊടുത്ത ‘വിമൻ ഇൻ സിനിമാ കലക്ടീവി’ന്റെ പ്രവർത്തനം അന്വേഷണ പുരോഗതിയിൽ നിർണായകമായി. അതേസമയം, സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുശേഷം സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിച്ചത് വ്യാപക വിമർശനം വരുത്തിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here