നിലമ്പൂര്‍: വാഹനാപകടം നടന്നപ്പോള്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ നിക്കാതെ ഓടിക്കൂടിയവര്‍ ബിയര്‍ കടത്തിയെന്ന് അധികൃതര്‍. നിലമ്പൂര്‍ കെഎന്‍ജി റോഡില്‍ പൂച്ചക്കുത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെത്തുടര്‍ന്നാണ് സംഭവം.
ബിയര്‍ കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. 515 കെയ്‌സ് ബിയറാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഓരോ കെയ്‌സിലുമായി 650 മില്ലി ലിറ്ററിന്റെ 12 കുപ്പികള്‍ വീതം ആകെ 6180 ബിയര്‍ ബോട്ടിലുകള്‍.
ലോറി മറിഞ്ഞതോടെ ബിയര്‍ കുപ്പികളില്‍ ചിലത് പൊട്ടി റോഡിലൊഴുകി. ഉച്ച കഴിഞ്ഞ് 3: 55 ഓടെ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സന്ദേശമെത്തി. അപകടസ്ഥലത്തെത്തിയവര്‍ പരുക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിന് പകരം ബിയര്‍ കുപ്പികള്‍ കടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫോണില്‍ വിവരമറിയിച്ചയാള്‍ പറഞ്ഞു. വേഗം ആംബുലന്‍സുമായി എത്താനാണ് ഇയാള്‍ അഭ്യര്‍ത്ഥിച്ചതെന്നും സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അപകടത്തില്‍ പരുക്കേറ്റ് വഴിയില്‍ കിടന്നവരെ കയറ്റാതെ വാഹനങ്ങള്‍ നിര്‍ത്താതെ പോയി. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയതിന് ശേഷമാണ് ബിയര്‍ കടത്തുന്നവര്‍ പിന്മാറിയത്. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നെത്തിച്ച ആംബുലന്‍സില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മറ്റൊരു ലോറിയെത്തി ശേഷിക്കുന്ന ബിയര്‍ മാറ്റുന്നതുവരെ പൊലീസ് അപകടസ്ഥലത്ത് കാവല്‍ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here