സ്വാശ്രയ മെഡിക്കല്‍ പ്രവേശനവിഷയത്തിൽ സുപ്രിംകോടതിയില്‍ നിന്നുണ്ടായ ഉത്തരവ് സത്യത്തിൽ മലയാളികളെ എല്ലാം ഞെട്ടിച്ചുവെങ്കിലും ഇതിന്റെ വിശദവിവരങ്ങൾ പഠിക്കുന്നത് നന്നായിരിക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കാര്യപ്രാപ്തിയില്ലാത്ത ആരോഗ്യ മന്ത്രിയുടെ കഴിവുകേടും ഉദ്യോഗസ്ഥരുടെ സ്വാശ്രയപ്രീണനവും സര്‍ക്കാര്‍ അഭിഭാഷകരുടെ അലസതയും കാരണം സ്വകാര്യമാനേജുമെന്റുകള്‍ക്ക് അവരുടെ ഹിഡന്‍ അജന്‍ഡ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞുഎന്ന് ഈ വിധിക്കോണ്ട മനസിലാക്കി.

ഇടതുപക്ഷ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ബാര്‍ലോബി മുതല്‍ സ്വാശ്രയലോബി വരെയുള്ളവയ്ക്കു സഹായകരമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളതെന്നു സംശയമന്യേ പറയാം. സ്വാശ്രയ മെഡിക്കല്‍ പ്രവേശനകാര്യത്തില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായ ഉത്തരവ് ഇതില്‍ അവസാനത്തേതാണ്.

മെറിറ്റില്‍ ഇടംനേടിയ മിടുക്കരും ദരിദ്രരുമായ വിദ്യാര്‍ഥികളെ വൈദ്യവൃത്തിയില്‍നിന്ന് ആട്ടിയോടിക്കുന്ന ഇരുട്ടടിയായിപ്പോയി ഈ വിധി. സ്വാശ്രയ മെഡിക്കല്‍കോളജ് പ്രവേശനത്തിനു പരമാവധി 11 ലക്ഷം രൂപ വാങ്ങാമെന്നാണു സുപ്രിംകോടതി പറഞ്ഞിരിക്കുന്നത്. പ്രവേശനത്തിനായി പ്രതീക്ഷയോടെ കാത്തിരുന്ന ഒട്ടനവധി വിദ്യാര്‍ഥികള്‍ക്കു നിനച്ചിരിക്കാത്ത നേരത്തു കിട്ടിയ കനത്ത അടി.

ഇതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പാവങ്ങളോടുള്ള ‘പ്രതിബദ്ധത’. കോടികള്‍ മുടക്കി പ്രവേശനം നേടുന്ന ധനാഢ്യരുടെ മക്കള്‍ നാളെ ഡോക്ടര്‍മാരായി വരുമ്പോള്‍ മുടക്കിയ പണത്തിന്റെ അനേകമിരട്ടി വസൂലാക്കാന്‍ എല്ലാ മെഡിക്കല്‍ എത്തിക്‌സും കാറ്റില്‍പറത്തുമെന്നുറപ്പ്. അബ്കാരി ബിസിനസിനേക്കാള്‍ ലാഭമുള്ള കച്ചവടം സ്വാശ്രയസ്ഥാപനങ്ങളാണെന്നു തിരിച്ചറിഞ്ഞ് ഈ രംഗത്തേക്കു വന്നവര്‍ക്കെന്തു സാമൂഹ്യപ്രതിബദ്ധത.

കൂണുപോലെ മുളച്ചുപൊങ്ങിക്കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മുരുകനെപ്പോലുള്ള തൊഴിലാളിയുടെ ചോരവാര്‍ന്നൊലിക്കുന്ന ശരീരം ഗൗനിക്കാതെ പോക്കറ്റിലേക്കു മാത്രം നോക്കി കവാടം അടയ്ക്കുന്ന നാടായി മാറിയിരിക്കുന്നു ഇത്. ഇത്തരം സംഭവങ്ങള്‍ നാളെ പതിവായി മാറും.

അഞ്ചുലക്ഷത്തിനു പഠിപ്പിക്കാന്‍ തയ്യാറാണെന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പറയുമ്പോള്‍ ആ തുക തന്നെ ലാഭകരമാണെന്നല്ലേ മനസ്സിലാക്കേണ്ടത്. അപ്പോള്‍, 11 ലക്ഷം വാങ്ങുന്നവരുടെ കൊള്ളലാഭം എത്രയായിരിക്കും.  സഹജീവികാരുണ്യമില്ലാത്ത കൊള്ളപ്പലിശക്കാരും കള്ളുകച്ചവടക്കാരും മെഡിക്കല്‍ കോളജ് ഉടമകളാവുകയും അവരുടെ മക്കള്‍ ഡോക്ടര്‍മാരായി വരികയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതു നിത്യ ദുരന്തങ്ങളായിരിക്കും. ഈയൊരവസ്ഥ ഉണ്ടാക്കി തീര്‍ത്തിട്ട് ബാങ്ക് ഗാരന്റിയുടെ പേരില്‍ ഒരു വിദ്യാര്‍ഥിയുടെയും പഠനം മുടങ്ങില്ലെന്നു മുഖ്യമന്ത്രി പറയുന്നതിനെ ഭംഗിവാക്കായി മാത്രമേ വിദ്യാര്‍ഥികള്‍ക്കു കാണാന്‍ കഴിയൂ. ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി ഒഴിവാക്കാന്‍ വല്ല വഴിയുമുണ്ടോയെന്നു നിയമോപദേശം തേടുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടാല്‍ മാനേജ്‌മെന്റുകള്‍ കോളജുകള്‍ അടച്ചിട്ടാലോ എന്നു ഭയപ്പെട്ട മന്ത്രിയാണവര്‍.

മിടുക്കരായ നിര്‍ധനവിദ്യാര്‍ഥികളെ കണ്ണീര്‍കയത്തിലേക്കു തള്ളിവിട്ടതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. കോടതികളെ തെറ്റിദ്ധരിപ്പിക്കുന്ന, സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എല്ലാ സഹായവും ചെയതു കൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫീസ്‌റഗുലേറ്ററി കമ്മിഷനും ഒത്തൊരുമിച്ചുനിന്നു പണച്ചാക്കുകളുടെ മക്കള്‍ക്കുവേണ്ടി പാവപ്പെട്ടവന്റെ മക്കളുടെ ചിരകാലമോഹങ്ങളാണു കശക്കിയെറിഞ്ഞിരിക്കുന്നത്. ഈ മഹാപാതകത്തില്‍നിന്നു സര്‍ക്കാരിനു കൈകഴുകാനാവില്ല.

നേരത്തേ ഫീസ് നിശ്ചയിക്കാതെ മാനേജ്‌മെന്റുകള്‍ക്കു കോടതിയില്‍ പോകാന്‍ അവസരമൊരുക്കിക്കൊടുത്ത ഫീ റഗുലേറ്ററി കമ്മിഷന്റെ ചതികൂടി ഇതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അഞ്ചുലക്ഷം രൂപ ഫീസും ആറുലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയുമെന്ന കോടതിയുത്തരവു പണച്ചാക്കുകളുടെ മക്കള്‍ക്കു മാത്രമേ ഉപകരിക്കൂ. മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇത്രയും പണം സംഘടിപ്പിക്കാന്‍ കഴിയില്ല. അവര്‍ ഉപേക്ഷിച്ചുപോകുന്ന സീറ്റുകളിലേക്കു കോടീശ്വരന്മാരുടെ മക്കളെ പറയുന്ന ലക്ഷങ്ങള്‍ ഈടാക്കി പ്രവേശിപ്പിക്കാന്‍ സ്വാശ്രയമാനേജുമെന്റുകള്‍ക്കു സുവര്‍ണാവസരം ലഭിക്കും. കള്ളപ്പണക്കാരന്റെയും കൊള്ളപ്പലിശക്കാരന്റെയും മക്കള്‍ വേണ്ടത്ര മിടുക്കില്ലെങ്കിലും അനായാസം മെഡിക്കല്‍ പ്രവേശനം നേടും. പാവപ്പെട്ടവന്റെ സമര്‍ഥരായ മക്കള്‍ പുറന്തള്ളപ്പെടും.

ഈ ദുരന്തത്തിനാണു കേരളം സാക്ഷിയാകാന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here