sumitra.jpg.image.784.410

 

ന്യൂഡൽഹി∙ ലോക്സഭയിൽ നിന്നും അഞ്ചു ദിവസത്തേക്കു പുറത്താക്കിയ കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ സ്പീക്കർ സുമിത്ര മഹാജൻ നാളെ പിൻവലിച്ചേക്കുമെന്ന് സൂചന. ജനതാദൾ, സമാജ്‍വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് നേതാക്കൾ സുമിത്ര മഹാജനുമായി ചർച്ച നടത്തിയതിനെത്തുടർന്ന് സസ്പെൻഷൻ പിൻവലിക്കാൻ സ്പീക്കർ തയാറായതാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ രാജിയാവശ്യപ്പെട്ടു പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നതിനും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നതിനുമെതിരെ പലതവണ മുന്നറിയിപ്പു നൽകിയ ശേഷമാണു സ്‌പീക്കർ സുമിത്ര മഹാജൻ 25 കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തത്. തുടർച്ചയായി പ്രതിപക്ഷം നടപടികൾ തടസ്സപ്പെടുത്തുമ്പോൾ തനിക്കു മറ്റു മാർഗമില്ലെന്നു സ്വയം ന്യായീകരിച്ചു കൊണ്ടായിരുന്നു സ്‌പീക്കറുടെ നടപടി. മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ എന്നിവരും സസ്പെൻഡ് ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ അര മണിക്കൂറോളം സഭയിലിരുന്നു പ്രതിഷേധിച്ച ശേഷമാണ് അംഗങ്ങൾ സഭ വിട്ടത്. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിതെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here