court-1.jpg.image.784.410

മുംബൈ∙ കൈക്കൂലി വാങ്ങിയത് നൂറു രൂപ, ഹൈക്കോടതിയിൽ അപ്പീലിനായി കാത്തിരിക്കേണ്ട വരുന്നത് 17 വർഷങ്ങളും! മഹാരാഷ്ട്ര സർക്കാരിലെ അറുപത്തേഴുകാരനായ മുതിർന്ന ക്ലർക്കിനാണ് പണ്ടുവാങ്ങിയ തുച്ഛമായ കൈക്കൂലിക്ക് 17 വർഷങ്ങൾ കളയേണ്ടിവന്നത്. 1989ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസിൽ ഇയാൾ കുടുങ്ങിയിട്ട് 26 കൊല്ലം!

കേസ് പരിഗണിച്ച സെഷൻസ് കോടതി ഒന്നരവർഷം ശിക്ഷവിധിച്ചു. തുടർന്ന് 1998ൽ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ ഇതുവരെ പരിഗണിച്ചില്ല! 2004ൽ കോടതി കേസ് പരിഗണിക്കാൻ വച്ചിരുന്നെങ്കിലും അന്നതു എടുത്തില്ല. പിന്നീട് കേസ് അനിശ്ചിതമായി നീളുകയാണെന്നും ഉടൻ പരിഗണിക്കണമെന്നും കാട്ടി 2005ൽ സമർപ്പിച്ച ഹർജി കേട്ട കോടതി അന്തിമ വാദം 2006 ജനുവരി 23ന് കേൾക്കുമെന്നു പ്രസ്താവിച്ചു. ഇതും നടന്നില്ല.

1989ല്‍ കേസിൽ കുടുങ്ങുമ്പോൾ ഇയാൾ നാസിക്കിലെ ജൂനിയർ സയന്റിസ്റ്റിന്റെ ഓഫിസിലായിരുന്നു ജോലി ചെയ്തിരുന്നത്. ബില്ലുകൾ ക്ലിയർ ചെയ്യുന്നതും പണമടയ്ക്കുന്നതുമായിരുന്നു പണി. മെഡിക്കൽ ബിൽ ക്ലിയർ ചെയ്യാനായി ഒരു പ്യൂണിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. 100 രൂപയിൽ പകുതി ഇയാൾക്കും ബാക്കി പകുതി ഇയാളും സഹപ്രവർത്തകനുമാണ് ലഭിക്കേണ്ടത്. എന്നാൽ സഹപ്രവർത്തകനെ സെഷൻസ് കോടതി കുറ്റത്തിൽ നിന്ന് ഒഴിവാക്കി.

2007ൽ തന്റെ അപ്പീൽ അന്തിമപരിഗണനയ്ക്ക് എടുക്കാൻ ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെടണമെന്ന് കാട്ടി ഇയാൾ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയ്ക്ക് അയച്ചിരുന്നു. കേസ് തീർന്നാൽ പെൻഷനെങ്കിലും കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ് ഇയാൾ ഇപ്പോൾ ജീവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here