കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയെ കയ്യൊഴിഞ്ഞ് ബിജെപി അധ്യക്ഷന്‍ അമിത് ഷായും പിണറായിലെ ജനങ്ങളും. പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ജാഥയില്‍ പങ്കെടുക്കില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ജനങ്ങളാകട്ടെ തെരുവുല്‍ നിന്ന് മാറിനല്‍ക്കുന്നു.ടൗണിലേക്ക് മാര്‍ച്ച് കാണുവാനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി ജനങ്ങള്‍ എത്തിയതുമില്ല. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ മാത്രമായി ജാഥ നടക്കുന്ന വഴിയോരങ്ങല്‍. ഈയവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു. പിണറായി വഴിയുള്ള പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ല എന്ന വാര്‍ത്തയുമെത്തിയത്. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ കൂടുതല്‍ നിരാശരായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിഞ്ഞതോടെ സിപിഐഎം പ്രവര്‍ത്തകര്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു.
ഡല്‍ഹിയിലെ തിരക്കിട്ട രാഷ്്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് അമിത് ഷായ്ക്ക് പങ്കെടുക്കാനാവാത്തതെന്നാണ് ബിജെപിയുടെ വിശദീകരണം.
രാവിലെ 10ന് മമ്പറത്ത് നിന്നാരംഭിച്ച പദയാത്ര വൈകിട്ട് തലശേരിയിലാണ് സമാപിക്കുക. ബിജെപിക്ക് എതിരായ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പദയാത്ര നടക്കുന്ന വഴികളില്‍ പൊലീസ് ഒരുക്കിയിരുന്നത്. വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന പൊതുയോഗത്തില്‍ അമിത് ഷാ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വൈകിട്ടത്തെ പൊതുസമ്മേളനത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണെന്നാണ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെയുള്ള യാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിയിച്ചിതിനാല്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ധര്‍മടത്തെ മമ്പറം ടൗണില്‍ തുടങ്ങി. ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണു മുഖ്യാതിഥി. പദയാത്ര വൈകുന്നേരം തലശേരിയില്‍ സമാപിക്കും. കനത്ത സുരക്ഷയാണു പദയാത്ര കടന്നുപോകുന്ന വഴികളില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. അതിനിടെ, ജനരക്ഷായാത്രയുടെ പര്യടനം പ്രമാണിച്ചു പിണറായി ടൗണിലും പരിസരത്തും സിപിഎം ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താല്‍ തുടങ്ങി. കടകള്‍ തുറന്നിട്ടില്ല. റോഡില്‍ ആളനക്കവും കുറവാണ്. പാര്‍ട്ടി ഓഫിസും വായനശാലകളും മാത്രമാണു തുറന്നിരിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് കനത്ത പൊലീസ് വലയത്തിലാണ്.
പദയാത്ര വരുന്ന വഴിക്കരികില്‍ ആര്‍·എസ്എസിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ നിരവധി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ആര്‍എസ്എസിനെ നിരോധിക്കണമെന്ന ബോര്‍ഡുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. യാത്രയുടെ ഉദ്ഘാടന ദിവസം കണ്ണൂരിലെത്തിയ അമിത് ഷാ കേരള സര്‍ക്കാരിനെതിരെയും പിണറായി വിജയനെതിരെയും ആഞ്ഞടിച്ചിരുന്നു. ബുധനാഴ്ച കീച്ചേരിമുതല്‍ കണ്ണൂര്‍ ടൗണ്‍വരെ നടന്ന പദയാത്രയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ 41.5 കിലോമീറ്റര്‍ പദയാത്രയാണു ബിജെപിയുടെ ലക്ഷ്യം. വെള്ളിയാഴ്ച പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെ നടക്കുന്ന പദയാത്രയോടെ ജനരക്ഷായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here