മലപ്പുറം: പ്രചാരണച്ചൂടിന് അവസാനമിട്ട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം. ചൊവ്വാഴ്ച്ചത്തെ നിശബ്ദ പ്രചാരണത്തിന് പിന്നാലെ ബുധനാഴ്ചയാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. അതേസമയം വേങ്ങര ടൗണില്‍ തെരഞ്ഞെടുപ്പിന്റെ കേന്ദ്രീകൃത കൊട്ടിക്കലാശം നടത്തരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ എല്ലാ പഞ്ചായത്തുകളിലുമായിരിക്കും കൊട്ടിക്കലാശം അരങ്ങേറുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍, ബിജെപി സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന്‍ എന്നിവരടക്കം ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുളളത്. അപരന്മാരില്ലാത്തെ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിനുണ്ട്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചതോടെയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
വേങ്ങര വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് മുസ്ലീം ലീഗിന്റെ പ്രചാരണം. മണ്ഡലത്തിലെ അടിയൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച്, ശക്തമായ പ്രചാരണത്തിലാണ് ഇടതുമുന്നണി. ഇടത്, വലത് മുന്നണികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് അവസാനവട്ട പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിവരെയാണ് പരസ്യ പ്രചാരണം. നാളെ നിശ്ശബ്ദ പ്രചാരണമാണ്. മറ്റന്നാള്‍ വേങ്ങര പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഈ മാസം 15നാണ് ഫലപ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here