തിരുവനന്തപുരം:മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് കൈമാറുക. മന്ത്രിക്കെതിരാ ഫോണ്‍ കെണിയില്‍ ഗൂഢാലോചനയുണ്ടോ, സംഭാഷണം എഡിറ്റ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് പി എസ് ആന്റണി കമ്മീഷന്‍ അന്വേഷിച്ചത്.
അശ്ലീല ചുവയോടെയുള്ള സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ട് വിവാദമായ പശ്ചാത്തലത്തിലായിരുന്നു എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. ചാനലിലെ ജീവനക്കാരി ശശീന്ദ്രനുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്ത് നിരാലംബയായ വീട്ടമ്മയോട് മോശമായി പെരുമാറി എന്ന മട്ടില്‍ ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് സംഭവം.

വിവാദം കത്തിയതോടെ ശശീന്ദ്രനെതിരെ നടന്നത് ഹണിട്രാപ്പാണെന്ന് വ്യക്തമാക്കി ചാനല്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ചാനല്‍ മാപ്പ് ചോദിക്കുകയും ചെയ്തു. കേസ് പീന്നീട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. തുടര്‍ നടപടികള്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മംഗളം ജീവനക്കാരി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ വിധിയും ഇന്ന് വരാനിരിക്കെ കമ്മീഷന്‍ റിപ്പോര്‍ട്ടും ശശീന്ദ്രന് നിര്‍ണ്ണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here