കോട്ടയം∙ കേരളത്തിന്റെ മുഴുവൻ പ്രാർഥനയുടെ കരുത്തിൽ അമ്പിളി ഫാത്തിമ പുഞ്ചിരിയോടെ ഓപ്പറേഷൻ തിയറ്ററിലേക്കുപോയി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പുലർച്ചെ നാലിന് ശസ്ത്രക്രിയ ആരംഭിച്ചു. എട്ടുമുതൽ 15 മണിക്കൂർ വരെ ശസ്ത്രക്രിയ നീണ്ടുനിൽക്കുമെന്നു നേതൃത്വം നൽകുന്ന ഡോ. സുന്ദർ അമ്പിളിയുടെ ബന്ധുക്കളെ അറിയിച്ചു. ഇന്നലെ രാത്രി 10.30ന് മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ ബന്ധുക്കൾ ഹ്യദയവും ശ്വാസകോശവും ദാനം നൽകാൻ തയാറെടുക്കുകയായിരുന്നു. എല്ലാ രീതിയിലും ആരോഗ്യമുള്ളഹ്യദയവും ശ്വാസകോശങ്ങളുമാണ് ലഭിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അവയവങ്ങൾ അമ്പിളിയുടെ ശരീരത്തിനു ചേരുമോയെന്ന പരിശോധനയും രണ്ടു മണിക്കൂർ കൊണ്ട് തന്നെ പൂർത്തിയായി.

Ambily Fathima

അമ്പിളി ഫാത്തിമയെക്കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത.

ജൂൺ ആറിനാണ് അമ്പിളിയുടെ നോവിന്റെ കഥ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്. മനോരമയിൽ പ്രസിദ്ധീകരിച്ച അമ്പിളിയുടെ വാർത്ത മനോരമ ഓൺലൈനിലൂടെ സാമൂഹ്യമാധ്യമങ്ങളിലേക്കു വൻതോതിൽ പടർന്നതോടെ കൂടുതൽ പേർ അമ്പിളിയെ സഹായിക്കാനെത്തി. സിഎംഎസ് കോളജിൽ എംകോം അവസാനവർഷ വിദ്യാർഥിനിയാണ് കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ ബഷീറിന്റെയും ഷൈലയുടെയും മകൾ അമ്പിളി ഫാത്തിമ(22).

രണ്ടാമത്തെ വയസിൽ ബോധംകെട്ടുവീണപ്പോഴാണ് അമ്പിളിയുടെ ഹ്യദയത്തിലൊരു സുക്ഷിരമുള്ളത് കണ്ടെത്തി. ഹ്യദയത്തിന്റെ മുകളിലെ അറയിലെ ഈ സുക്ഷിരം വഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവർത്തനവും നിലയ്ക്കുന്ന അപൂർവരോഗമാണ് അമ്പിളിയ്ക്ക്. ഹ്യദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയാണ് അമ്പിളിയുടെ ജീവൻ നിലനിർത്താനുള്ള ഏകമാർഗം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയ്ക്ക് പ്രാരംഭമായി തന്നെ നാൽപത് ലക്ഷം രൂപ കെട്ടിവയ്ക്കണമായിരുന്നു.

മനോരമയിൽ അമ്പിളിയുടെ വാർത്ത പ്രസിദ്ധീകരിച്ചതോടെ വായനക്കാരുടെ കനിവിന്റെ ഉറവകൾ പൊട്ടി കാരുണ്യത്തിന്റെ പ്രവാഹമായി എത്തി. ഏകദേശം 90 ലക്ഷം രൂപയാണ് ഒരുമാസം കൊണ്ട് വായനക്കാരിൽ നിന്ന് അമ്പിളി ഫാത്തിമയെ തേടിയെത്തിയത്. എംജി സർവകലാശാലയിലെ മുഴുവൻ കോളജുകളിലെയും വിദ്യാർഥികൾ തങ്ങളുടെ പ്രിയ സഹപാഠിക്കായി 25 ലക്ഷം പിരിച്ചുനലകി. നൂറ് മുതൽ ഒരു ലക്ഷം രൂപ വരെ സംഭാവനയായി എത്തി. അൻപത് ലക്ഷം രൂപ ആശുപത്രിയിൽ ആദ്യഘട്ടം അടച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് അവയവദാതാവിനെ ആശുപത്രി അധികൃതർ തന്നെ അന്വേഷിച്ചു തുടങ്ങി. മൂന്നാഴ്ചയായി അപ്പോളോ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു അമ്പിളി.

LEAVE A REPLY

Please enter your comment!
Please enter your name here