തൃശൂർ∙ ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു നല്‍കിയ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടത് ആനയെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയെന്ന് ദേവസ്വം. പൊലീസും വനംവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. ആനയ്ക്കു ഭക്ഷണം തയാറാക്കിയതില്‍ സുരക്ഷ വീഴ്ചയുണ്ടായതായി വനംവകുപ്പു സ്ഥിരീകരിച്ചു.

തലയെടുപ്പിലും ഉയരത്തിലും ഒന്നാം സ്ഥാനത്തുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കണ്ടെടുത്തത് ആശങ്കയോടെയാണ് ആനപ്രേമികള്‍ കാണുന്നത്. സുഖചികിത്സക്കിടെ തയാറാക്കിയ ചോറിലാണ് ഒരു ബ്ളേഡും നാല് ബ്ളേഡ് കക്ഷണങ്ങളും കണ്ടത്. സംസ്ഥാനത്ത് ഏറ്റവും അധികം ആരാധകരും ഫാന്‍സ് അസോസിയേഷനുമുള്ള കൊമ്പനെ കൊല്ലാനുള്ള ശ്രമമായിരുന്നൂവെന്ന് ദേവസ്വം ഉറച്ചു വിശ്വസിക്കുന്നു.

വനംവകുപ്പും പേരാമംഗലം പൊലീസും സ്ഥലത്തെത്തി ദേവസ്വം ഭരണസമിതിയുടെയും പാപ്പാന്‍മാരുടെയും മൊഴിയെടുത്തു. ബ്ളേഡ് ഇട്ടത് ചോറ് തയാറാക്കിയ ശേഷമാണോ അതോ അരിയില്‍ തന്നെ ബ്ളേഡ് ഉണ്ടായിരുന്നോ എന്നു തിരിച്ചറിയാനായി ബ്ലേഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

നാട്ടുകാരും ക്ഷേത്രത്തിലെത്തുന്നവരും ആനയുടെ ആരാധകരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ കടന്നുപോകുന്ന വഴിക്കരുകിലാണു ഭക്ഷണം തയാറാക്കിയ സ്ഥലം. അതുകൊണ്ടു തന്നെ ബ്ലേഡ് ആരാണിട്ടതെന്നു കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണു പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here